ബാവിക്കര തടയണ മേയില്‍ പൂര്‍ത്തീകരിക്കും


മുളിയാര്‍: കാലവര്‍ഷമാകുമ്പോഴേക്കും പൂഴിച്ചാക്കുകള്‍ അട്ടിവെച്ച് താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കുന്ന കാഴ്ച ഇത്തവണ ബാവിക്കരയിലുണ്ടാകില്ല. കാല്‍ നൂറ്റാണ്ടായി കാത്തിരിക്കുന്ന പയസ്വിനിപ്പുഴയിലെ ബാവിക്കര സ്ഥിരം തടയണയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. മെയ് മാസത്തോടെ തടയണ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്നലെ പ്രവൃത്തി വിലയിരുത്താനെത്തിയ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ കെ എച്ച് ഷംസുദ്ദീന്‍ പറഞ്ഞു.
വേനലില്‍ ഉപ്പുവെള്ളം കുടിക്കേണ്ട അവസ്ഥ കാലങ്ങളായനുഭവിക്കുന്ന കാസര്‍കോട് നഗരസഭയിലെയും സമീപപഞ്ചായത്തുകളിലെയും ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഈ പദ്ധതി. ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് 27 കോടിയിലധികം എസ്റ്റിമേറ്റുള്ള തടയണയുടെ കരാര്‍ ഏറ്റെടുത്തത്. പുഴയുടെ എറ്റവും ആഴംകൂടിയ ഭാഗത്ത് കോണ്‍ക്രീറ്റ്തൂണുകളുയര്‍ത്തുന്നതടക്കം പൂര്‍ത്തിയായിട്ടുണ്ട്. 16 മീറ്റര്‍ ഉയരത്തിലും 120.4 മീറ്റര്‍ നീളത്തിലുമാണ് തടയണ നിര്‍മ്മിക്കുന്നത്. ജില്ലയിലെ എറ്റവും വലിയ ശുദ്ധജല പദ്ധതിയായി ഇതു മാറും.
ബാവിക്കര സ്ഥിരം തടയണയ്‌ക്കൊപ്പം ട്രാക്ടര്‍വേ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇത് നിര്‍മ്മിക്കില്ലെന്നാണ് സൂചന. ട്രാക്ടര്‍വേ നിര്‍മ്മിക്കാന്‍ പ്രത്യേകമായി ടെണ്ടര്‍ വിളിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചത്.
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ പി രവീന്ദ്രന്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഡി രാജന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രത്‌നാകരന്‍, അസി എഞ്ചിനീയര്‍ ഫെമി മരിയാ തോമസ് തുടങ്ങിയവരും ചീഫ് എഞ്ചിനീയര്‍ക്കൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments