കോളേജ് അധ്യാപകര്‍ക്ക് അവധിയില്ല; ഓണ്‍ലൈനായി ക്ലാസ്സുകള്‍ നടത്തണം


കോഴിക്കോട്: കൊറോണ് വൈറസ് ബാധ ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ കോളേജുകള്‍ക്കും നിയന്ത്രിത അവധി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ക്ക് ഈ അവധി ബാധകമല്ല. അവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് കോളേജ് വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ക്ലാസുകള്‍, അസൈന്‍മെന്റുകള്‍, ഇന്റേണല്‍ പരീക്ഷ തുടങ്ങിയവ ഓണ്‍ലൈനായി നടത്തും. ഇ-മെയില്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ വഴിയായിരിക്കും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുക. കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കോളേജിന്റെ വികസനോന്മുഖ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയെങ്കിലും ജീവനക്കാര്‍ക്ക് ഇത് ബാധകമല്ലെന്ന് മുമ്പ് തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ഹോസ്റ്റലുകള്‍ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനവും നിര്‍ത്തലാക്കിയിരിക്കുകയാണ്. സര്‍വ്വകലാശാല പരീക്ഷകള്‍ ആദ്യം നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്നും അറിയിപ്പുണ്ട്.

Post a Comment

0 Comments