കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും; എം.ലിജു സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത


തിരുവനന്തപുരം: യു.ഡി.എഫില്‍ കുട്ടനാട് സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ തീരുന്നു. പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കും. രണ്ടുദിവസമായി കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിവരികയായിരുന്നു. പി.ജെ ജോസഫും ജോസ് കെ മാണിയും സീറ്റ് വിട്ടുകൊടുക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഡിസിസി പ്രിസിഡന്റ് എം .ലിജു കുട്ടനാട്ടില്‍ മത്സരിക്കുമെന്നാണ് സൂചന.
രണ്ടുതവണയായി തങ്ങള്‍ മത്സരിച്ചുവരുന്ന കുട്ടനാട് തങ്ങളുടെ സീറ്റാണെന്ന് കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇരുകൂട്ടര്‍ക്കും സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. ഇതേത്തുടര്‍ന്നാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് നല്‍കി കുട്ടനാട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. പകരം സീറ്റ് ഏതെന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇത് ജോസഫും ജോസ് കെ മാണിയും അംഗീകരിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തതാണ് കേരളാ കോണ്‍ഗ്രസിനെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചതും. ലിജു മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് കേരളാ കോണ്‍ഗ്രസും തിരിച്ചറിയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 ലും യുഡിഎഫ് ജയിച്ചു. എന്നാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി. വട്ടിയൂര്‍ക്കാവും കോന്നിയും സിറ്റിങ് സീറ്റായിട്ടും നഷ്ടമായി. പാലായിലും തോറ്റു. ഇതിനെല്ലാം കാരണം യുഡിഎഫിലെ പ്രശ്‌നങ്ങളാണെന്ന് വിലയിരുത്തല്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് കുട്ടനാട്ട് കോണ്‍ഗ്രസ് ഉറച്ച നിലപാടുമായി എത്തിയത്. കുട്ടനാട്ടില്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന് കേരളാ കോണ്‍ഗ്രസിനെ അറിയിക്കുകയും ചെയ്തു. തോമസ് ചാണ്ടി മരിച്ചതോടെ ഇടതുപക്ഷത്തിന് മികച്ചൊരു സ്ഥാനാര്‍ത്ഥി ഇല്ലാത്ത അവസ്ഥയിലാണ്. എന്‍സിപിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കി. എന്നാല്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥിയെ അന്തിമമായി കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ട് സീറ്റ് ഏറ്റെടുക്കുന്നതും സി.പി.എം ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. ലിജു സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്.
കുട്ടനാട് നിയമസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദം അംഗീകരിച്ചുകൊണ്ടുതന്നെ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുക എന്നതാണ് യുഡിഎഫിലെ ഒത്തുതീര്‍പ്പ് ഫോര്‍മുല. ജോസഫ്-ജോസ് തര്‍ക്കത്തില്‍ കുരുങ്ങിയ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നെങ്കിലും അതു പ്രശ്‌നം വഷളാക്കുമെന്നതിനാലാണ് പുതിയ പോംവഴി ആലോചിക്കുന്നത്. തല്‍ക്കാലത്തേക്ക് ഈ ഒത്തുതീര്‍പ്പിനു വഴങ്ങണമെന്ന ആവശ്യമായിരിക്കും പത്തിനു നടത്തുന്ന ചര്‍ച്ചയില്‍ മുന്നണി നേതൃത്വം മുന്നോട്ടുവയ്ക്കുക. കഴിഞ്ഞ തവണ മത്സരിച്ചതു ജോസഫിന്റെ ആളായിരുന്നെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ജോസഫിനെ അനുനയിപ്പിക്കാനായാണ്.
തോമസ് ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പില്‍ കുട്ടനാട് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ സീറ്റിനുള്ള അവകാശവാദത്തില്‍ കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ പരസ്പരം ഇടഞ്ഞുനിന്നാല്‍ പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കുട്ടനാട്ടില്‍ ആവര്‍ത്തിക്കുമെന്നു കോണ്‍ഗ്രസിന് ആശങ്കയുണ്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മുന്നണിയുടെ ആത്മവീര്യം തിരിച്ചുപിടിക്കാന്‍ കുട്ടനാട്ടിലെ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് മുന്നണിനേതൃത്വം പ്രശ്‌ന പരിഹാരത്തിനു സാധ്യതകള്‍ തേടിയത്. അവകാശവാദത്തില്‍ വിട്ടുവീഴ്ചയില്ലെങ്കിലും യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ജോസഫ്, ജോസ് വിഭാഗങ്ങള്‍ ഉറപ്പുപറഞ്ഞിട്ടുണ്ട്.
വിജയ സാധ്യതയെന്ന മാനദണ്ഡത്തിന് മുന്നിലാണ് ജോസഫ് വിട്ടുവീഴ്ചക്ക് തയാറായത് എന്നാണ് സൂചന. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം പൊതുതെരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് ജോസഫിന് നല്‍കും. പാര്‍ട്ടിയുടെ അവകാശവാദങ്ങള്‍ നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പി.ജെ.ജാസഫ് പ്രതികരിച്ചു. ജോസ് കെ മാണിയുമായി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ ചര്‍ച്ചയും ഫലംകണ്ടു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാവില്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments