പരപ്പ: വ്യക്തിഗത ആസ്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മുന്നില്‍ നില്ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് കോടോം -ബേളൂര്‍.
ഇതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ് മീന്‍കുളങ്ങളുടെ നിര്‍മ്മാണം. 40000 രൂപ ചിലവില്‍ നിര്‍മ്മിച്ച മീന്‍കുളങ്ങള്‍ ഇന്ന് 21 മത്സ്യകര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മീന്‍ കുളത്തിലേക്കാവശ്യമായ മീനുകളെ മത്സ്യഫെഡില്‍ നിന്നും ലഭിക്കും. കുളത്തിന് പുറമെ പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂടുകള്‍, കോഴി ഫാം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. 99 പശുത്തൊഴുത്തുകളും, 13 ആട്ടിന്‍കൂടുകളും ഏഴ് കോഴിക്കൂടുകളുമാണ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നിര്‍മ്മിച്ചത്.
എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗ ശൂന്യമായ സിറിഞ്ച് ഉള്‍പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാനായി തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ ശേഖരണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ബേളൂര്‍ യു പി സ്കൂളില്‍ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കഞ്ഞിപ്പുരയും തൊഴിലുറപ്പിന്റെ ഭാഗമാണ്. കാലിച്ചാനടുക്കം സ്കൂളിലും ബാനം സ്കൂളിലും എല്‍ പി കുട്ടികള്‍ക്കായി പാര്‍ക്ക്, എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും പഞ്ചായത്തിലെ എല്ലാ സ്കൂളിനുമായി കമ്പോസ്റ്റ് കുഴിയും നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
0 Comments