നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു


കരിന്തളം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
കരിന്തളം തലയടുക്കത്ത് ഇന്നലെ രാത്രി ഒമ്പതുമണിയോടെ തലയടുക്കത്താണ് അപകടം. വടക്കേപുലിയന്നൂരിലെ ടി.പി സിബിന്‍ രാജ് (26)ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും റോഡരികില്‍ കൂട്ടിയിട്ട മെറ്റല്‍കൂനയിലേക്ക് സിബിന്‍രാജ് തലയിടിച്ച് വീഴുകയായിരുന്നു. ഏറെസമയം കഴിഞ്ഞാണ് അതുവഴി വന്ന വഴിയാത്രക്കാര്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സിബിനെകണ്ടത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം മംഗലാപുരത്തേക്ക് കൊണ്ടുപോയി. മംഗലാപുരത്ത് എത്തുംമുമ്പേ മരണംസംഭവിച്ചു. കൂലിതൊഴിലാളിയായ സിബിന്‍ രാജ് നീലേശ്വരത്തുനിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സിബിന്‍രാജ് സഞ്ചരിച്ച കെ.എല്‍ 60 ഡി 426 നമ്പര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടത്. പുതുതായി നിര്‍മ്മിച്ച നീലേശ്വരം-ചിറ്റാരിക്കാല്‍ റോഡില്‍ തലയടുക്കത്ത് റോഡ് ക്രോസ് ചെയ്ത് വെള്ളം ഒഴുകിപോകാന്‍ കോണ്‍ക്രീറ്റ് ഡിപ്പ് നിര്‍മ്മിക്കാനായി റോഡ് കുഴിച്ച് മെറ്റല്‍ നിരത്തിയിരുന്നു. രാത്രി ഇത് ശ്രദ്ധയില്‍പ്പെട്ട സിബിന്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. ഇതാണ് അപകടത്തിനും മരണത്തിനും വഴിതെളിച്ചത്. വടക്കേപുലിയന്നൂരിലെ ടി.പി.സുനിതയുടെ മകനാണ്. സഹോദരങ്ങള്‍: സിബിന മാവിലാടം, സിനി ചേനറ്റാടി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊണ്ടോട്ടി പൊതുസ്മശാനത്തില്‍ സംസ്‌കരിക്കും.

Post a Comment

0 Comments