ഡോ: എന്‍.പി.രാജന്‍ അന്തരിച്ചു


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ടറും ഇ.എ.ടി സ്‌പെഷ്യലിസ്റ്റുമായ ആലാമിപ്പള്ളിയിലെ ഡോ: എന്‍.പി.രാജന്‍(70) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2008 ല്‍ പാലിയേറ്റീവ് രംഗത്ത് സജീവമായ ഇദ്ദേഹം പാലിയേറ്റീവ് കെയര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കിടപ്പിലായ രോഗികള്‍ക്ക് സ്വാന്ത്വനവുമായി എത്തിയിട്ടുണ്ട്. 2010 ല്‍ കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ രൂപീകരിച്ചതിനുശേഷം ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയാണ് ഏറെസമയവും ചിലവഴിച്ചത്. തന്റെ മുന്നിലെത്തുന്ന രോഗികളെ നിറചിരിയോടെ സ്വീകരിച്ച് രോഗികള്‍ക്ക് സ്‌നേഹപൂര്‍ണ്ണ പരിചരണം നല്‍കി ആശ്വാസം നല്‍കുമായിരുന്നു. രോഗികളോട് കനിവും കരുണയുമുള്ള ഡോക്ടറായിരുന്നു എന്‍.പി.രാജന്‍. പല സര്‍ക്കാര്‍ ആശുപത്രികളിലും സേവനം അനുഷ്ടിച്ച ഡോ.എന്‍.പി രാജന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് വിരമിച്ചത്. ഡ്യൂട്ടി സമയം മുഴുവന്‍ ആശുപത്രിയില്‍ ചിലവഴിച്ചിരുന്ന ചുരുക്കം ചില ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു ഡോ.എന്‍.പി.രാജന്‍. പല ഡോക്ടര്‍മാരും ഒ.പിയിലെ രോഗികള്‍ കുറയുന്നസമയത്ത് വീട്ടില്‍ സ്വകാര്യപ്രാക്ടീസ് കൊഴുപ്പിക്കുന്ന പതിവുകാരാണ്.
കോട്ടച്ചേരി കുന്നുമ്മലിലെ കൃഷ്ണ നഴ്‌സിംങ്ങ് ഉടമ പരേതനായ ഡോ: കെ.പി.കൃഷ്ണന്‍ നായരുടെ മകള്‍ മല്ലികയാണ് ഭാര്യ.
മക്കള്‍: ഡോ: കൃഷ്ണനാരായണന്‍, പാര്‍വ്വതി. മരുമകന്‍: എം.എസ്.പ്രദീപ്. മൃതദ്ദേഹം കൊവ്വല്‍പ്പള്ളിയിലെ വീട്ടില്‍. സംസ്‌കാരം സ്വദേശമായ പെരുമ്പ കാനായിയില്‍.

Post a Comment

0 Comments