കാഞ്ഞങ്ങാട് ജില്ലാജയിലില്‍ ഇനി സംഗീതം


കാഞ്ഞങ്ങാട് : ജില്ലാജയിലില്‍ ഇനി സംഗീത സാന്ദ്രം ഫ്രീഡം മ്യൂസിക്ബാന്റ് റെഡി.
ജയില്‍ അന്തേവാസികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിന് ഒരു പരിധിവരെ സംഗീതംകൊണ്ടാവുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രീഡം മ്യൂസിക്ബാന്റിന്റെ പിറവി. വെറുതെയിരിക്കുമ്പോള്‍ പാട്ട്പാടുന്നതും കേള്‍ക്കുന്നതും മാസിക ഉണര്‍വ്വുണ്ടാക്കുമെന്നതിനാല്‍ ജയില്‍ വകുപ്പ് മേധാവി ഋഷി രാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ തടവുകാരും ജീവനക്കാരുമടങ്ങുന്ന മ്യൂസിക് ബാന്റിന് രുപം നല്‍കിയത്. തടവുകാരായ ജിജുതോമസ്, കബീര്‍, നസീമ, റാണി, ജീവനക്കാരായ സി വിനീത്, എം നാരായണന്‍, സജിത്, പ്രമീള എന്നിവര്‍ കരോക്കെ മ്യൂസികിന്റെ പശ്ചാതലത്തില്‍ പഴയതും പുതിയതുമായ ഗാനങ്ങളും മാപ്പിളപാട്ടും ന്യുജന്‍ ഗാനങ്ങളും പാടിയപ്പോള്‍ സഹതടവുകാര്‍ താളമിട്ടു. ഒരു മണിക്കുര്‍ നീണ്ടുനിന്ന പരിപാടി പൂര്‍ണമായ മാനസികമായ ഉന്‍മേഷത്തിന് ഇടയാക്കിയതായി തടവുകാര്‍ പറഞ്ഞു. ഫ്രീഡം മ്യൂസിക് ബാന്റ് ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് എം സി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട്. കെ വേണു അധ്യക്ഷനായി. കാഞ്ഞങ്ങാട് ലയണ്‍സ്‌ക്ലബ്ബ് പ്രതിനിധി ബാലകൃഷ്ണന്‍ നായര്‍, പ്രസ്‌ഫോറം സെക്രട്ടറി ടി കെ നാരായണന്‍ , അസി. ജയില്‍ സൂപ്രണ്ട് കെ രമ എന്നിവര്‍ സംസാരിച്ചു. അസി. ജയില്‍ സൂപ്രണ്ട് പി ഗോപാലകൃഷ്ണന്‍ സ്വാഗതവും മ്യൂസിക് ബാന്റ് കോര്‍ഡിനേറ്റര്‍ സി വിനീത് നന്ദിയും പറഞ്ഞു.
വൈകുന്നേരങ്ങളില്‍ ജയില്‍ അന്തേവാസികള്‍ക്ക് നിങ്ങളിഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍പ്പിക്കുന്ന പരിപാടികൂടി ഇവിടെ നടക്കും. തടവുകാരുടെ മാനസികവും കായികവുമായ വികാസത്തിനായി യോഗപരിശീലനം, പച്ചക്കറി കൃഷി, കുട, കടലാസുപേന, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം എന്നിവയും ജില്ലാ ജയിലില്‍ നടക്കുന്നുണ്ട്. തടവുകാരുടെ അധ്വാനഫലത്തില്‍ കിട്ടുന്ന വരുമാനം അവര്‍ക്കുള്ള അധികവരുമാനമായി മാറ്റുന്നുണ്ട്. തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സേവനം നല്‍കാനും ഇത്തരം സംരംഭങ്ങളിലൂടെ കഴിയും.

Post a Comment

0 Comments