കാസര്‍കോട്: കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുമായി ഗള്‍ഫില്‍ നിന്നെത്തിയത് ആറ് കാസര്‍കോട് സ്വദേശികള്‍. ഇവരില്‍ ഒരാള്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അഞ്ചുപേര്‍ വിവരം അറിയിച്ചില്ല. ഇവരെ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. മാര്‍ച്ച് അഞ്ചിനാണ് പയ്യന്നൂര്‍ പെരിങ്ങോം സ്വദേശി സ്പൈസ് ജെറ്റിന്റെ എസ് ജി 54 ദുബൈ -കോഴിക്കോട് വിമാനത്തിലെത്തിയത്. ഇതേ വിമാനത്തില്‍ കാസര്‍കോട് സ്വദേശികളായ ആറുപേരും ഉണ്ടായിരുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
ഈ സമയത്ത് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നില്ല. പ്രത്യേക മെഡിക്കല്‍ വിഭാഗം സജ്ജമാക്കിയിരുന്നെങ്കിലും യാത്രക്കാര്‍ക്ക് നിര്‍ബന്ധിത പരിശോധന ഉണ്ടായിരുന്നില്ല. ഈ സാധ്യത ഉപയോഗപ്പെടുത്താതെ പെരിങ്ങോം സ്വദേശി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. പനിയും ചുമയും ഉണ്ടായതിനെത്തുടര്‍ന്ന് 6 ന് കാങ്കോലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പിറ്റേന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഭാര്യയോടൊപ്പം പരിശോധനയ്ക്കായി പോയി. വീട്ടില്‍ ഐസൊലേഷനില്‍ നില്‍ക്കണമെന്ന നിര്‍ദ്ദേശത്തിലായിരുന്നു മടക്കം. വ്യാഴാഴ്ച പരിശോധനാഫലം വന്നതോടെയാണ് കൊറോണ സ്ഥിരീകരിക്കുകയും ആംബുലന്‍സില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റുകയും ചെയ്തത്.
0 Comments