വെല്ലുവിളി ഉയര്‍ത്തി മദ്യശാലകള്‍; രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മിണ്ടാട്ടമില്ല


കാഞ്ഞങ്ങാട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
സ്‌കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയും പൊതുപരിപാടികള്‍ ഉപേക്ഷിക്കുകയും ഉത്സവങ്ങളും വിവാഹങ്ങളും മറ്റ് ആഘോഷ പരിപാടികളും മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തിക്കുകയാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളിലും കണ്‍സ്യൂമര്‍ഫെഡിന്റെ ഷോപ്പുകളിലുമായി കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ദിവസവും നടക്കുന്നത്. ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വലിയ തോതില്‍ കച്ചവടം നടക്കുന്നുമുണ്ട്. നികുതിവരുമാനം കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്. കൊവിഡ് 19 ഭീതിക്കിടയിലും മദ്യവില്‍പ്പനയില്‍ കാര്യമായ കുറവില്ലെന്നാണ് ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പല ബിവറേജസ് ഔട്ട്‌ലെറ്റുകളിലും മദ്യം വാങ്ങാന്‍ ഇടുങ്ങിയ വഴിയാണുള്ളത്. ഇവിടെയാണ് ആളുകള്‍ തിങ്ങിനിരങ്ങി ക്യൂ നില്‍ക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ ഇടപഴകുന്ന ഇടങ്ങളായിട്ടും ബാറുകളിലും മദ്യഷോപ്പുകളിലും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്ത സര്‍ക്കാരിനെതിരേ ആദ്യഘട്ടത്തില്‍ മൗനംപാലിച്ച ചില പ്രതിപക്ഷ സംഘടനകളും പ്രതിഷേധസ്വരം കടുപ്പിച്ചിട്ടുണ്ട്. കൂട്ടമായി ആളുകള്‍ എത്തുന്നതും പൊതു ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ഇതു കണക്കിലെടുക്കുന്നില്ല. മദ്യഷോപ്പുകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഇന്നുമുതല്‍ സമരത്തിനിറങ്ങുമെന്ന് കേരള മദ്യനിരോധന സമിതി അറിയിച്ചു. പ്രതിപക്ഷത്തുനിന്ന് മുന്‍ കെ. പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മാത്രമാണ് സര്‍ക്കാരിനെതിരേ ഈ വിഷയത്തില്‍ ശക്തമായി രംഗത്തുവന്നത്. ബാറുകള്‍ അടയ്ക്കണമെന്ന ആവശ്യമുയര്‍ത്തിയാല്‍ ഫണ്ട് പിരിവിനു തിരിച്ചടിയാവുമെന്ന ഭയത്തിലാണ് പല നേതാക്കളും ഇതിനെതിരേ പ്രതികരിക്കാത്തതെന്ന് ആക്ഷേപമുണ്ട്.

Post a Comment

0 Comments