കാഞ്ഞങ്ങാട്: അപേക്ഷിച്ചാല്‍ വിവരാവകാശ രേഖകള്‍ സൗജന്യമായി ഫോണില്‍ പകര്‍ത്താന്‍ വിവരാവകാശ കമ്മീഷന് ഉത്തരവിട്ടു.
പുതുക്കൈയിലെ കെ.വി.സജിത്ത് കുമാര്‍ നല്കിയ അപ്പീലിന്മേലാണ് വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം.പോള്‍ ഉത്തരവിട്ടത്. വിവരാവകാശ രേഖയ്ക്ക് അമിത ഫീസ് ആവശ്യപ്പെട്ടതിനെതിരെയാണ് കെ.വി.സജിത് കുമാര്‍ അപ്പീല്‍ നല്‍കിയത്.
പുതുക്കൈ വില്ലേജിന്റെ ഫീല്‍ഡ് മെഷര്‍മെന്റ്, റെക്കോഡ് ബുക്കുകളുടെ മുഴുവന്‍ പേജുകളുടെയും പകര്‍പ്പ് എന്നിവയാണ് സുജിത് കുമാര്‍ വില്ലേജ് ഓഫീസര്‍ മുഖേന ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകളുടെ ഒരു പേജിന് 506 രൂപ വെച്ച് 222 സര്‍വേ നമ്പറുകളില്‍പ്പെട്ട പകര്‍പ്പിന് 1,12,332 രൂപയും മറ്റുള്ളവയ്ക്ക് 72 രൂപയും അടയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാകാത്ത സജിത് കുമാര്‍ തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്കി. ഫലമില്ലാതായതോടെയാണ് കമ്മീഷനെ സമീപിച്ചത്.
പരാതിയില്‍ പറയുന്നതുപോലെ 222 പേജുകളുടെ പകര്‍പ്പ് എടുക്കുന്നത് അപ്രായോഗികമായതിനാല്‍ അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ഫോണില്‍ രേഖകള്‍ പകര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നു.
വിവരാവകാശ നിയമപ്രകാരം എ ഫോര്‍ഷീറ്റിന് രണ്ടു രൂപയും അതിന് മുകളില്‍ വലുപ്പമുള്ളവയ്ക്ക് പകര്‍പ്പെടുക്കാന്‍ ചെലവായ തുകയും മാത്രമാണ് ഈടാക്കാവുന്നതെന്നും കമ്മീഷന് വ്യക്തമാക്കി.
0 Comments