പടന്നക്കാട്: അരനൂറ്റാണ്ടിന് മുമ്പ് പടന്നക്കാട് എസ്.എന്‍. എ.യു.പി സ്കൂളില്‍ നട്ട ആര്യവേപ്പ് ഇന്നും ആളുകള്‍ക്ക് ആരോഗ്യവും തണലും നല്കി പടര്ന്നുപന്തലിച്ചുനില്ക്കുന്നു.
55 വര്‍ഷം മുമ്പ് 1965 ജൂണ്മാസത്തില് ശ്രീനാരായണ ടീച്ചേര്‍സ് ട്രെയിനിങ്ങ് സൂളില്‍ ജീവനക്കാരനായിരുന്ന ചിറപ്പുറം പാലക്കാട്ടെ ഇ.വി. സി എന്നറിയപ്പെടുന്ന നാടകാചാര്യന് ഇ.വി.ചന്തുവാണ് ഈ വേപ്പുമരം നട്ടത്. വയനാട്ടില്‍ നിന്നും ട്രെയിനിങ്ങ് സ്കൂളില്‍ ചേരാന്‍ എത്തിയ ഇ.എ.പാര്‍വ്വതിയെന്ന കുട്ടിയുടെ അച്ഛന് നാട്ടിലേക്ക് കൊണ്ടു പോകാന്‍ വാങ്ങിയ തൈ തിരിച്ചുപോകുമ്പോള്‍ ഇവിടെ മറന്നുവെക്കുകയായിരുന്നു. ഇ.വി.സി ഇതിനെ സ്ഥാപനത്തിന്റെ മുറ്റത്ത് നട്ട് വെള്ളമൊഴിച്ച് പരിപാലിച്ചു. ഇ.വി.സി സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു പോകുംവരെ ഇതിനെ വെള്ളമൊഴിച്ച് സംരക്ഷിച്ചു. ആര്യവേപ്പ് തഴുകിയെത്തുന്ന ഔഷധ ഗുണമുള്ള വടക്കന്‍ കാറ്റ് ഇവിടെ നിന്നും പഠിച്ചിറങ്ങിയ നൂറ് കണക്കിന് അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും മധുരമുള്ള ഒരോര്‍മ്മയാണ്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദികളിലൊന്നായിമാറിയ എസ്.എന്‍ എ.യു.പി സ്കൂളിലെത്തിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ വേപ്പുമരം ഒരു വിസ്മയമായിരുന്നു.
0 Comments