പ്രാര്‍ത്ഥനകള്‍ വിഫലമായി; സിസ്റ്റര്‍ ഉഷ മരണത്തിന് കീഴടങ്ങി


നീലേശ്വരം: ആതുരസേവനത്തെ ജീവിതവ്രതമാക്കി രണ്ട് പതിറ്റാണ്ടുകാലം രോഗികളെ പരിചരിച്ച സിസ്റ്റര്‍ ഉഷക്ക് പക്ഷെ തന്റെ രോഗത്തെ അതിജീവിക്കാനായില്ല. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളൊക്കെ വിഫലമാക്കി ഒടുവില്‍ ഉഷ മരണത്തിന് കീഴടങ്ങി.
നെല്ലിയടുക്കം കിളിയളത്തെ പരേതനായ തടിക്കുന്നില്‍ രാമന്‍-മാധവി ദമ്പതികളുടെ മകളായ ഉഷ കഴിഞ്ഞ 20 വര്‍ഷമായി ആതുരശുശ്രൂഷാരംഗത്ത് സജീവമായിരുന്നു. മൂന്നുവര്‍ഷം മാണിക്കോത്ത് കെ.എച്ച്.എം ആശുപത്രിയില്‍ ജോലിചെയ്തശേഷം കഴിഞ്ഞ 17 വര്‍ഷമായി നീലേശ്വരം എന്‍.കെ.ബി.എം ആശുപത്രിയില്‍ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് മൂന്നുവര്‍ഷം മുമ്പ് തലവേദനയുടെ രൂപത്തില്‍ ഉഷക്ക് അസുഖം പിടിപ്പെട്ടത്. വിദഗ്ധപരിശോധനയിലൂടെയാണ് രോഗം അര്‍ബുദമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മേജര്‍ ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമാവുകയും വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതോടെ വീണ്ടും അസുഖം പിടിപെടുകയും മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയും ചെയ്തു. രോഗം പൂര്‍ണ്ണമായും ഭേദമാകുന്നതിന് അമേരിക്കയില്‍ നിന്നുള്ള മരുന്ന് കൊണ്ടുവന്ന് 26 ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഒരുമാസം രണ്ട് വീതം ഇഞ്ചക്ഷനാണ് നല്‍കേണ്ടത്. ഒരു ഇഞ്ചക്ഷന് ഒരുലക്ഷം രൂപയാണ് ചിലവ്. ഭീമമായ ഈ ചികിത്സാചിലവ് താങ്ങാന്‍ ഉഷയുടെ നിര്‍ധനകുടുംബത്തിന് വഴിയില്ലാതെവന്നപ്പോള്‍ ഡോ.വി.ഗംഗാധരന്‍ ചെയര്‍മാനും നഗരസഭാ കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍ കണ്‍വീനറും കെ.വി.ശശിധരന്‍ ട്രഷററുമായി നാട്ടുകാര്‍ ചികിത്സാസഹായകമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 18 ലക്ഷത്തോളം രൂപ പിരിച്ചെടുക്കുകയും ചെയ്തു. ബാക്കിതുകയും ശേഖരിച്ചുവരുന്നതിനിടയിലാണ് ഇന്നലെ രാത്രി മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉഷ മരണത്തിന് കീഴടങ്ങിയത്.
രോഗികളോട് സൗമ്യമായി പെരുമാറുകയും പരിചരണത്തില്‍ കൃത്യനിഷ്ഠത പുലര്‍ത്തുകയും ചെയ്തിരുന്ന ഉഷ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാനേജ്‌മെന്റിനുമൊക്കെ പ്രിയപ്പെട്ടവളായിരുന്നു. അതുകൊണ്ടുതന്നെ ഉഷയുടെ ആകസ്മിക വേര്‍പാട് സഹപ്രവര്‍ത്തകരേയും നാട്ടുകാരേയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ജീവനക്കാരന്‍ പാലക്കാട്ട് ചീര്‍മക്കാവിലെ മോഹനനാണ് ഭര്‍ത്താവ്. മക്കളില്ല. സഹോദരങ്ങള്‍: ലീല, അശോകന്‍, തങ്കമണി, കുമാരന്‍, ദിനേശന്‍, മോഹനന്‍, പരേതനായ ചന്ദ്രന്‍.

Post a Comment

0 Comments