സെന്‍സസ്: എന്‍ പി ആര്‍ വിവരശേഖരണം നടത്തില്ലെന്ന് ഉറപ്പാക്കണം-കാന്തപുരം


തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സെന്‍സസ് പ്രവര്‍ത്തങ്ങളോടനുബന്ധിച്ച് എന്‍ പി ആര്‍ വിവരശേഖരണം നടത്തില്ലെന്ന് നടപടിക്രമങ്ങളിലൂടെ ഉറപ്പാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കിടെ എന്‍ പി ആര്‍ വിവരശേഖരണം നടത്തില്ലെന്നാവര്‍ത്തിച്ച് അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാറും വ്യക്തമാക്കിയതായും ഇത് സംബന്ധിച്ച ചില ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും ഇക്കാര്യത്തില്‍ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുന്ന വേളയില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കാന്തപുരം ചൂണ്ടികകാട്ടി.
സെന്‍സസിനാവശ്യമായ 31 കാര്യങ്ങള്‍ അടങ്ങിയ ചോദ്യാവലി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പുറമെ ഇത് സംബന്ധിച്ച മൊബൈല്‍ ആപ്പ് സജ്ജമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തത്‌സമയം മൊബൈല്‍ വഴി കേന്ദ്ര സര്‍വറുകളിലേക്ക് മാറ്റപ്പെടുമെന്നും അറിയാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ്പുകളില്‍ എന്‍ പി ആറിന് ആവശ്യമായ ചില വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും സെന്‍സസുമായി സഹകരിക്കുമ്പോള്‍ എന്‍ പി ആറുമായി നിസ്സഹകരണമാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ ആപ്പില്‍ നേരത്തെ പ്രസിദ്ധീകരിച്ച 31 ഇനങ്ങളില്‍പ്പെടാത്ത യാതൊരു വിവരവും ശേഖരിക്കപ്പെടുകയില്ലെന്നും മൊബൈല്‍ ആപ്പ് വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ പ്രിന്റൗട്ട് ഓരോ വീട്ടുകാരനും ലഭ്യമാക്കണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കുമ്പോള്‍ തന്നെ പ്രസ്തുത ഉദ്യോഗസ്ഥര്‍ കേരള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും അതുവഴി ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments