യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: 'ഐ' ഗ്രൂപ്പ് രണ്ട് ചേരികളിലായി


കാഞ്ഞങ്ങാട്: യൂത്ത് കോ ണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് 'ഐ' ഗ്രൂപ്പ് കാര്‍ തന്നെ പരസ്പരം മല്‍സരിച്ചതോടെ ജില്ലയില്‍ കോ ണ്‍ഗ്രസിലെ 'ഐ' ഗ്രൂപ്പ് വ്യക്തമായും രണ്ട് ചേരിയായി മാറി.
ഒരുഭാഗത്ത് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠനും മറുഭാഗത്ത് മുന്‍ ഡി.സി.സി പ്രസിഡണ്ട് സി.കെ.ശ്രീധരനുമാണ് ഈ ചേരികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുറെ കാലമായി ഈ ചേരിതിരിവുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പ് ഇരുവിഭാഗവും തമ്മിലുള്ള ബലപരീക്ഷണത്തിനുള്ള അവസരമായി മാറിയിരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനവും 8 ജില്ലാ പ്രസിഡണ്ട് സ്ഥാനവും 'എ' ഗ്രൂപ്പിനും 6 ജില്ലാ പ്രസിഡണ്ട് സ്ഥാനങ്ങള്‍ 'ഐ' ഗ്രൂപ്പിനും നല്‍കാനായിരുന്നു സംസ്ഥാന തലത്തില്‍ ഇരുഗ്രൂപ്പുകളും ഉണ്ടാക്കിയ ധാരണ. ഇത് പ്രകാരം പരസ്പരം മത്സരിക്കാന്‍ പാടില്ല എന്നും ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചിരുന്നു. കാസര്‍കോട് ജില്ല 'ഐ' വിഭാഗത്തിനായത് കൊണ്ട് എക്കാര്‍ ഇവിടെ മത്സരിച്ചിരുന്നില്ല. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ ബി.പി.പ്രദീപ് കുമാര്‍ നോമിനേഷന്‍ നല്‍കണമെന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുമായിരുന്നു പ്രതീക്ഷ. പ്രദീപിനെതിരെ 'ഐ' ഗ്രൂപ്പിലെ മനാഫ് നുള്ളിപ്പാടി നോമിനേഷന്‍ നല്‍കിയതോടെ ചിത്രം മാറി .പ്രദീപന്‍ സി.കെ.ശ്രീധരന്റെ വിശ്വസ്ഥനായതുകൊണ്ട് നീലകണ്ഠന്‍ വിഭാഗമാണ് മനാഫിനെ രംഗത്തിറക്കിയത്. മനാഫ് മത്സരരംഗത്ത് ഉറച്ചു നിന്നതോടെ കുതന്ത്രങ്ങളിലൂടെ മനാഫിന്റെ നോമിനേഷന്‍ സി.കെ.വിഭാഗം തള്ളിച്ചു. ഇതിനെതിരെ ശക്തമായ ഇടപെടലുമായി നീലകണ്ഠന്‍ വിഭാഗം രംഗത്ത് വരികയും നോമിനേഷന്‍ പുനസ്ഥാപിക്കുകയും ചെയ്തു. ഈ സംഭവത്തോടെ ഇരുഗ്രൂപ്പുകളും ബദ്ധവൈരികളായി. കാസര്‍കോട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ കൂടുതലും 'എ' വിഭാഗത്തിനാണ്. ധാരണ പ്രകാരം കാസര്‍കോട് ബി.പി.പ്രദീപ് കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് 'എ' വിഭാഗം സംസ്ഥാന നേതാക്കള്‍, ജില്ലയിലെ എ വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും 'എ' ഗ്രൂപ്പില്‍ നിന്നും നല്ലൊരു ഭാഗം വോട്ട് മനാഫിന് മറിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ വഴി കഴിഞ്ഞ 28നായിരുന്നു കാസര്‍കോട് ജില്ലയിലെ വോട്ടെടുപ്പ്. ഇതിന്റെ ഫലം മാര്‍ച്ച് 8ന് പുറത്ത് വരും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ആളായി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നോയലും എക്കാരനായ ജോമോനും കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലക്കാരാണ്. പ്രദീപനും ഇതേ മണ്ഡലക്കാരനാണ്. പ്രദീപന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഇവിടെ തങ്ങളുടെ ബദ്ധവൈരിയായ പ്രദീപനെതിരെ നോയലും ജോമോനും വോട്ട് മറിച്ചതായിട്ടാണ് ആരോപണം. ഐയിലെ നീലകണ്ഠന്‍ ഗ്രൂപ്പ് ഡി.സി.സി പ്രസിഡണ്ടുമായി നല്ലബന്ധം തുടരുന്നതിനാല്‍ ഡി.സി.സി പ്രസിഡണ്ടും പ്രദീപനെതിരെ പ്രവര്‍ത്തിച്ചതായി സി.കെ വിഭാഗം സംസ്ഥാന 'എ' വിഭാഗത്തോട് പരിഭവം പറഞ്ഞിട്ടുണ്ട്. ഈ സംഘടനാ തെരഞ്ഞെടുപ്പില്‍ 'എ ' വിഭാഗത്തിന്റെ ജില്ലയിലെ ചുമതല വഹിക്കുന്ന സാജിദ് മൗവ്വലും പ്രദീപനെതിരായ നീക്കത്തിന് മൗനാനുവാദം നല്‍കിയെന്നാക്ഷേപവും സി.കെ.ഗ്രൂപ്പിനുണ്ട്. മുമ്പ് ഹൊസ്ദുര്‍ഗ്ഗ് മേഖലയില്‍ നീലകണ്ഠന് സ്വാധീനമുണ്ടായിരുന്നില്ലെങ്കിലും പാര്‍ട്ടിക്കകത്ത് നീലകണ്ഠന്‍ ശക്തി പ്രാപിച്ചുവരികയാണ്. മുതിര്‍ന്ന നേതാക്കളായ കരിമ്പില്‍ കൃഷ്ണന്‍, കെ.കെ.നാരായണന്‍, ഡി.സി.സി ഭാരവാഹികളായ കെ.കെ.രാജേന്ദ്രന്‍, മാമുനി വിജയന്‍ തുടങ്ങിയവരാണ് ജില്ലയിലെ തെക്കന്‍ മേഖയില്‍ നീലകണ്ഠന്റെ ഇപ്പോഴത്തെ വിശ്വസ്തര്‍. വടക്കന്‍ മേഖലയില്‍ സി.കെ.വിഭാഗം ദുര്‍ബലമാണ്. നിഷ്പ്രയാസം ജയിച്ചുകയറേണ്ട ജില്ലാ പ്രസിഡണ്ട് 'ഐ' ഗ്രൂപ്പിലെ തന്നെ രണ്ട് ചേരികളുടെ ബലപരീക്ഷണമായി മാറിയിരിക്കുകയാണ്.

Post a Comment

0 Comments