കാറ്റു കനിഞ്ഞാല്‍ ഇനിയും കുളിര്‍മഴ പെയ്യും


കാഞ്ഞങ്ങാട്: കാറ്റ് അനുകൂലമായാല്‍ മാര്‍ച്ച് മാസം തുടക്കത്തില്‍ ചെറുമഴകള്‍ പെയ്ത് കേരളത്തെ കുളിരണിയിക്കും.
പകലിലെ കനത്ത ചൂടിന് ആശ്വാസമായി വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട ചെറുമഴകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുതുടങ്ങിയിട്ടുണ്ട്. കാറ്റിന്റെ ഗതി അനുകൂലമായാല്‍ ഇനിയും പല പ്രദേശങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകള്‍ക്ക് പുറമെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഇന്ന് ചാറ്റല്‍മഴയോ ഒറ്റപ്പെട്ട മഴയോ ലഭിക്കാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റും പടിഞ്ഞാറന്‍ കാറ്റും കേരളത്തിനു മുകളില്‍ സംഗമിച്ചാലാണ് മഴ ലഭിക്കുക. കാറ്റിന്റെ ഗതി കൂടുതല്‍ അനുകൂലമായാല്‍ ഇന്നും നാളെയും മറ്റന്നാളുമെല്ലാം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ മേഘങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇവ വലിയ കൂമ്പാര മേഘങ്ങളാകുമോ എന്ന് വ്യക്തമല്ല. കാറ്റിന്റെ ഗതി അല്‍പ്പം മാറിയാല്‍ മഴ ലഭിക്കുക തമിഴ്‌നാട്ടിലാകും. പുതിയ നിഗമനങ്ങളനുസരിച്ച് നേരത്തെ സംഭവിച്ചതുപോലെ മധ്യ, വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ വീണ്ടും ചൂടുകൂടാനും മഴ കുറയാനുമുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ അഭിപ്രായപ്പെട്ടു. അതിനിടെ കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ ഇത്തവണയും കേരളത്തില്‍ പകല്‍ ചൂടു കൂടിയതും രാത്രി തണുത്തതുമായ അന്തരീക്ഷവും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇത് കൂടുതല്‍ അനുഭവപ്പെട്ടതെങ്കില്‍ ഇത്തവണ ഫെബ്രുവരിയും കഴിഞ്ഞ് മാര്‍ച്ചിലേക്കു കടന്നിട്ടും രാത്രി താപനില സുഖകരമായ അവസ്ഥയില്‍ തുടരുകയാണ്. അന്തരീക്ഷ ഈര്‍പ്പത്തിന്റെ (ഹ്യുമിഡിറ്റി) അളവ് കുറയുന്നതാണ് ഇതിന് ഒരു കാരണമായി പറയുന്നത്.

Post a Comment

0 Comments