ദേവനന്ദയുടെ മരണം: സംശയിക്കുന്ന അയല്‍വാസിയെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തുവിട്ടു


കൊല്ലം: അവസാനമായി അമ്മയുടെ കണ്‍മുന്നിലെത്തിയ നിമിഷം മുതല്‍ വെള്ളത്തില്‍ വീണ നിമിഷം വരെ ദേവനന്ദയ്ക്ക് എന്തൊക്കെ സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണു പോലീസ്. വീടു മുതല്‍ മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറു വരെ അന്വേഷണസംഘം എത്രയോ തവണ നടന്നിരിക്കുന്നു! മുങ്ങിമരണം എന്നു സ്ഥിരീകരിക്കുമ്പോഴും ചോദ്യങ്ങളുടെ എണ്ണം കൂടുന്നു. സംശയമുണ്ടെന്നു ദേവനന്ദയുടെ കുടുംബം ചൂണ്ടിക്കാട്ടിയ സമീപവാസിയെ പോലീസ് രണ്ടു തവണ ചോദ്യംചെയ്തു.
അതീവ രഹസ്യമായാണ് അന്വേഷണം. ഒന്നും അറിയില്ലെന്നാണു മൊഴിയെങ്കിലും പോലീസിന്റെ കണ്ണ് ഇയാള്‍ക്കു മേലുണ്ട്. കുട്ടി ആറ്റിലേക്കു വീണതില്‍ അസ്വാഭാവികതയുണ്ടെന്നു തെളിയിക്കുന്ന ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കും. നിരപരാധികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള ചോദ്യംചെയ്യലും ശാസ്ത്രീയ തെളിവെടുപ്പും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെ അതീവ രഹസ്യമായാണു നിരീക്ഷിക്കുന്നത്. വെള്ളത്തില്‍ മുങ്ങുന്നതിനു തൊട്ടുമുമ്പുള്ള മിനിറ്റുകളില്‍ ദേവനന്ദ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടി ഫോറന്‍സിക് വിദഗ്ധരടങ്ങുന്ന സംഘം ഇന്നു ദേവനന്ദയുടെ വീട്ടിലെത്തും.
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന പ്രകാരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തുന്നത്. ആരും ഒറ്റയ്ക്കു പോകാന്‍ മടിക്കുന്ന വഴികളിലൂടെയാണു മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളില്‍ ദേവനന്ദ സഞ്ചരിച്ചത്. പോലീസ് നായ നല്‍കിയ സൂചനയും അങ്ങനെയാണ്. വീടിനെയും കുട്ടിയെയും നന്നായി പരിചയമുള്ള ഒരാള്‍ എടുത്തുകൊണ്ടു പോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ചെരുപ്പിടാതെ പോയതും അങ്ങനെയൊരു സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു.
ചെരിപ്പില്ലാതെ, ദുര്‍ഘടമായ വഴിയിലൂടെ ദേവനന്ദ ആറ്റുതീരം വരെ നടക്കില്ലെന്ന ബന്ധുക്കളുടെ സംശയത്തില്‍ പിടിച്ചുള്ള അന്വേഷണമാണു പോലീസ് നടത്തുന്നത്. അതേസമയം ദേവനന്ദ മരിച്ച അതേസ്ഥലത്ത് പത്തുവര്‍ഷത്തിനിടെ അഞ്ചുപേര്‍ മരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്നലെ പറഞ്ഞത്.
ദേവനന്ദ കേരള മനസിലെ മായാത്ത ദുഃഖമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ടനിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കവേ മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുങ്ങിമരണമാണ്. ശാസ്ത്രീയമായ അന്വേഷണം നടത്തുന്നുണ്ട്. പല ഊഹാപോഹങ്ങളും അനുമാനങ്ങളുമിപ്പോഴുണ്ട്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലേ പോലീസിന് നീങ്ങാനാകൂ. അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments