നഗരസഭ കൊടുത്തത് എട്ടിന്റെ പണി: നീലേശ്വരത്തെ കെ.ടി.ഡി.സി ഹോട്ടല്‍ നഷ്ടത്തിലേക്ക്


നീലേശ്വരം: വേനല്‍ ചൂട് കനത്തിട്ടും ബിയര്‍ കുടിയന്മാര്‍ നീലേശ്വരത്തെ കെ.ടി.ഡി.സി ബിയര്‍ പാര്‍ലറിനെ കൈ ഒഴിഞ്ഞതോടെ സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു.
പടന്നക്കാട് ദേശീയ പാതയിലുണ്ടായ ബിയര്‍ പാര്‍ലറും റെസ്റ്റോറന്റുമാണ് 2019 ജൂണില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷന് പിറക് വശത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റിയത്.
മാര്‍ക്കറ്റിന്റെ വെറും ഷീറ്റ് മേഞ്ഞ കെട്ടിടത്തെ ഹോട്ടല്‍ ശൈലിയിലേക്ക് മാറ്റാന്‍ തന്നെ 16 ലക്ഷം രൂപയാണ് കെ.ടി.ഡി.സി ചിലവിട്ടത്.
എന്നാല്‍ സ്വന്തം നാട്ടുകാര്‍ക്ക് പോലും ഇവിടെ എത്താനുള്ള വഴി അറിയാത്തതും പ്രധാന റോഡുമായി ബന്ധമില്ലാത്ത സ്ഥലത്ത് സ്ഥാപനത്തെ മാറ്റിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. അതേസമയം തണുപ്പിച്ച കിംഗ് ഫിഷര്‍ ബിയറിന് ബീവറേജിന്റെ ഔട്ട്‌ലെറ്റില്‍ 100 രൂപയും ഫോര്‍സ്റ്റാര്‍ ഫെസിലിറ്റിയുള്ള നളന്ദ ഹോട്ടലില്‍ 160രൂപയും ഈടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കെ.ടി.ഡി.സി ബിയര്‍ പാര്‍ലറില്‍ 170 രൂപയാണ് ഇതേ ബിയറിന് ഈടാക്കുന്നത്. പൊറോട്ട, ചപ്പാത്തി തുടങ്ങിയവയ്ക്ക് മറ്റ് ഹോട്ടലുകളില്‍ കോഴിക്കറിയുടെയോ, ബീഫ് കറിയുടെയോ, മത്സ്യക്കറിയുടേയോ ചാറ് നല്‍കും. എന്നാല്‍ കെ.ടി.ഡി.സിയില്‍ ഇതൊന്നും നല്‍കാറില്ല.
മദ്യശാലകള്‍ തുടങ്ങുമ്പോ ള്‍ ആരാധനാലയങ്ങളില്‍ നിന്നും, സ്‌കൂളുകളില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധി വേണമെന്നാണ് നിയമം. ഇതാണ് മറ്റു പല സ്ഥലങ്ങളിലും പാര്‍ലര്‍ ആരംഭിക്കുന്നതിന് തടസ്സമായത്.
ദിവസേന ചുരുങ്ങിയത് 75000 രൂപയുടെ കച്ചവടം ഉണ്ടായാല്‍ മാത്രമെ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇവിടെ ബിയര്‍ വില്‍പ്പനയായിട്ടു പോലും കച്ചവടം 25000 കവിയുന്നില്ല. ഏഴ് താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 13 ജീവക്കാരാണ് ഇവിടെയുള്ളത്.
പാര്‍ലറിനെ നഗരസഭയില്‍ എത്തിക്കാന്‍ നീലേശ്വരം നഗരസഭ ഏറെ ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാല്‍ വാടക കരാര്‍ ഉണ്ടാക്കുമ്പോള്‍ കൂടിയ വാടകയാണ് ഈടാക്കുന്നത്. പ്രതിമാസം 80000 രൂപയാണ് ജി.എസ്.ടി അടക്കമുള്ള വാടക. 2017ല്‍ എഗ്രിമെന്റ് ഉണ്ടാക്കിയെങ്കിലും 2019 ജൂണില്‍ റെസ്റ്റോറന്റും ഡിസംബറില്‍ മാത്രമാണ് ബിയര്‍ ആന്റ്‌റ് വൈന്‍ പാര്‍ലര്‍ ആരംഭിച്ചത്. എന്നാല്‍ വാടക എഗ്രിമെന്റ് വെച്ചത് മുതല്‍ നല്‍കേണ്ടി വന്നതും നഷ്ടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ ബിരിയാണി മേളകളും മറ്റു പരിപാടികളും സംഘടിപ്പിച്ചുവെങ്കിലും ബിയര്‍ വിറ്റുപോയില്ല.
ആളുകള്‍ക്ക് എത്തിച്ചേരാന്‍ പല സ്ഥലങ്ങളിലും ബോര്‍ഡുകള്‍ വെച്ചിട്ടും കുടിയന്മാരെ കിട്ടാത്തത്തതും, അമിത വാടകയുമാണ് സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഉയര്‍ത്തി കാട്ടി മികച്ച ഭക്ഷണമാണ് ബിയര്‍ പാര്‍ലറുമായി ബന്ധമില്ലാത്ത ഫാമിലി റെസ്റ്റോറന്റില്‍ വിളമ്പുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലേക്ക് 15 ലക്ഷം രൂപയാണ് സ്ഥാപനത്തിന് നഷ്ടം കണക്കാക്കിയത്. നഗരസഭ വാടക കുറയ്ക്കുകയും, കുടിയന്മാര്‍ കെ.ടി.ഡി.സിയെ സഹായിക്കുകയും ചെയ്തിതിട്ടില്ലെങ്കില്‍ കരാര്‍ തൊഴിലാളികളുടെ ജീവിതം വഴിമുട്ടും.

Post a Comment

0 Comments