കരിന്തളം: ഇന്നലെ രാത്രി തലയടുക്കത്ത് സിബിന്രാജിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടാണെന്ന് ആരോപണം.
മുക്കട, ചോയ്യംങ്കോട് റോഡ് മെക്കാഡം ടാറിങ്ങാണ് നടത്തിയത്. എന്നാല്‍ മെക്കാഡം ടാറിങ്ങിന്റെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടാറിംഗ് നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മെക്കാഡം റോഡില്‍ കോണ്‍ക്രീറ്റ് ഡിപ്പ് പാടില്ലെന്നാണ് നിയമം. വെള്ളം ഒഴുകിപോകാന്‍ കള്‍വര്‍ട്ട് തന്നെ നിര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ സിബിന്‍രാജ് അപകടത്തില്‍പ്പെടാനുണ്ടായ സ്ഥലത്ത് കള്‍വര്‍ട്ടിന് പകരം കോണ്‍ക്രീറ്റ് ഡിപ്പ് നിര്‍മ്മിക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ഇതില്‍ മെറ്റല്‍ വിതറിയിട്ട് ദിവസങ്ങളായി. ഇതിന് തൊട്ടടുത്തുതന്നെ റോഡിലേക്ക് തന്നെ മെറ്റല്‍ കൂട്ടിയിട്ടിട്ടുമുണ്ട്. മെറ്റല്‍ ഡിപ്പര്‍ സ്ഥാപിക്കാന്‍ നിരത്തിയിട്ട മെറ്റലുകള്‍ കണ്ട് പെട്ടെന്ന് ബ്രേക്കിട്ടതാണ് സിബിന്‍രാജ് സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് അപകടത്തില്പ്പെടാനിടയായത്. ബൈക്കില്‍ നിന്നും തെറിച്ച സിബിന്‍രാജ് റോഡിലേക്ക്തന്നെ കൂട്ടിയിട്ട മെറ്റല്കൂനയിലേക്ക് തലയിടിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്കേറ്റ മാരകമായ പരിക്കാണ് സിബിന്റെ മരണത്തിന് ഇടയാക്കിയത്.
ഇതിന് മുമ്പും ഇതേ സ്ഥലത്ത് നിരവധി വാഹനാപകടങ്ങള്‍ നടന്നതായി പരിസരവാസികള്‍ പറയുന്നു. ചോയ്യംങ്കോട്-മുക്കട റോഡ് നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് കരിന്തളം വാട്സ് ആപ്പ് കൂട്ടായ്മ പ്രസിഡണ്ട് ഉമേശന് വേളൂര്‍, സെക്രട്ടറി രഞ്ജിരാജ് കരിന്തളം എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
0 Comments