രവി പൂജാരിയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട്‌കോടി തട്ടി


ബാംഗ്ലൂര്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി രംഗത്ത്. പുതിയ വെളിപ്പെടുത്തലില്‍ രവി പൂജാരിയ്ക്ക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം പുറത്തുവന്നു.
കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള തന്റെ ക്വട്ടേഷന്‍ ഇടപാടാണ് ഇപ്പോള്‍ രവി പൂജാരി വെളിപ്പെടുത്തിയിരിക്കുന്നത്. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടുകോടി രൂപ തട്ടിയതായാണ് രവി പൂജാരിയുടെ വെളിപ്പെടുത്തല്‍.
ഈ രണ്ടു ഇടനിലക്കാരില്‍ ഒരാള്‍ ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണെന്നും രവി പൂജാരി പറയുന്നു.
സംഭവം നടന്നത് പത്തുവര്‍ഷം മുമ്പാണെന്നും കള്ളപ്പണ വിവാദമുണ്ടായിരുന്ന ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നും രണ്ടരക്കോടി രൂപയായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും ഈ വിഷയത്തില്‍ ഇടനിലക്കാരായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് രണ്ടുകോടി രൂപ തട്ടിയതെന്നും തനിക്ക് വെറും അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ആരോപിതരായ പോലീസ് ഉദ്യോഗസ്ഥരുടെ എല്ലാ വിവരങ്ങളും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും സൂചനയുണ്ട്.
അധോലോക രാജാവ് രവി പൂജാരിയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ കോടികള്‍ തട്ടിയ വിവരം കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. കൊള്ളക്കാരേക്കാള്‍ വലിയ കൊള്ളക്കാരായി പോലീസ് വളര്‍ന്നു എന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

Post a Comment

0 Comments