കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകന്‍ അറസ്‌ററില്‍


പെരിയ: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പെരിയയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവിനുനേരെ വധശ്രമം.
പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ സി. കെ.അരവിന്ദനു നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ചാലിങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ അശോകനെ(41) അമ്പലത്തറ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ചാലിങ്കാലില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അരവിന്ദനെ ചാലിങ്കാലില്‍ വെച്ച് പ്രകോപനമില്ലാതെ സിപിഎം പ്രവര്‍ത്തകന്‍ അശോകന്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതകത്തിനു പിന്നാലെ പെരിയയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമം നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്നും ഹക്കീം കുന്നിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ബി.പി.പ്രദീപ് കുമാറും മുന്നറിയിപ്പ് നല്‍കി. അതേസമയം അക്രമത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തി വിരോധമാണ് കാരണമെന്നും സിപിഎം നേതൃത്വവും പറഞ്ഞു.

Post a Comment

0 Comments