കാഞ്ഞങ്ങാട്: മംഗലാപുരം, കൊച്ചി ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ 27 ന് കമ്മീഷന് ചെയ്യും.
കൊച്ചിമുതല്‍ കണ്ണൂര്‍വരെയാണ് രണ്ടാംഘട്ടമായി ഗെയില്‍ പൈപ്പ് ലൈന്‍ കമ്മീഷന് ചെയ്യുന്നത്. നേത്രാവതിപുഴയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നതോടെ ഏപ്രില്‍ 20 നകം കാഞ്ഞങ്ങാട് -മംഗലാപുരം പൈപ്പ് ലൈനും കമ്മീഷന് ചെയ്യും.
ഇതോടെ കേരളത്തില്‍ സിറ്റി ഗ്യാസ് പദ്ധതിയും യാഥാര്‍ത്ഥ്യമാവും. കൊച്ചിമുതല്‍ കൂറ്റനാടുവരെയുള്ള 90 കിലോമീറ്റര്‍ ആദ്യഘട്ടമായി ആറുമാസം മുമ്പ് കമ്മീഷന് ചെയ്തിരുന്നു. മംഗലാപുരം മുതല്‍ കൊച്ചിവരെ 525 കിലോമീറ്റര്‍ ദൂരത്താണ് ഗെയില്‍ പൈപ്പ് ലൈനുള്ളത്. വീടുകളിലേക്ക് പൈപ്പ് ലൈന്‍വഴി നേരിട്ട് ഗ്യാസ് എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇതിനായി കേരളത്തില്‍ അഞ്ചിടങ്ങളില്‍ ടാപ്പ് ഓഫീസ് സ്ഥാപിക്കും. കാസര്‍കോട് ജില്ലയില്‍ അമ്പലത്തറയില്‍ ടാപ്പ് ഓഫീസ് സ്ഥാപിക്കാനായി അദാനി ഗ്രൂപ്പ് 50 സെന്റ് ഭൂമി വിലക്കെടുത്തു. ഇതില്‍ നിര്‍മ്മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. സിറ്റി പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് ഗ്യാസ് വിതരണം ചെയ്യാന്‍ വിവിധസ്ഥലങ്ങളില്‍ ടാപ്പ് ഓഫീസ് തുടങ്ങുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൂടാളി, കോഴിക്കോട് ജില്ലയിലെ ഉണ്ണംകുളം, മലപ്പുറം ജില്ലയിലെ സത്യക്കാട്, തൃശൂര്‍ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളിലാണ് ടാപ്പ് ഓഫീസുകള്‍ സ്ഥാപിക്കുക. കൂറ്റനാടാണ് ഗെയില്‍ പൈപ്പ് ലൈനിന്റെ പ്രധാന ജംഗ്ഷന്. ഇവിടെയാണ് പ്രധാനസുരക്ഷാ വാള്‍വ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നാണ് 364 കിലോമീറ്ററുള്ള മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈനും 525 കിലോമീറ്ററുള്ള ബാംഗ്ലൂര്‍ പൈപ്പ് ലൈനിന്റെയും നിര്‍മ്മാണം നിയന്ത്രിക്കുന്നത്. കര്‍ണ്ണാടകയിലെ സൂറത്ത്കല്ലിലാണ് പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നേത്രാവതി പുഴയിലും തെക്കില്‍ കുന്നിലും ഭൂമി തുരന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. സിറ്റി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എളുപ്പത്തില്‍ ഗ്യാസ് എത്തിക്കാന്‍ കഴിയും. ഇതോടൊപ്പം ഗ്യാസ് ഏജന്‍സികളില്‍ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും. നിലവില്‍ പാചകഗ്യാസ് സിലിണ്ടറിന് 935 രൂപയാണ് നിരക്ക്. സിറ്റിഗ്യാസ് വിതരണം തുടങ്ങുന്നതോടെ ഗ്യാസിന്റെ നിരക്ക് വളരെ കുറയും.
0 Comments