നീലേശ്വരം: ജനിച്ചകാലം മുതല്‍ കുടിവെള്ളത്തിനായ് നെട്ടോട്ടമോടിയ അച്ചാംതുരുത്തി ദ്വീപ് നിവാസികള്‍ ഈ വേനലില്‍ സന്തോഷത്തിലാണ്. ആവശ്യത്തിന് കുടിവെള്ളം കിട്ടുന്നുണ്ട് എന്നതുതന്നെ കാര്യം. അച്ചാംതുരുത്തിയുടെ കുടിവെള്ള പ്രശനത്തിന് പരിഹാരമാകാന്‍ നിര്‍മ്മിച്ച ജലസംഭരണി ഈ ദ്വീപ് പഞ്ചായത്തിന്റെ കുടിവെളളക്ഷാമം പരിഹരിച്ചുതുടങ്ങി.
ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമാണ് അച്ചാംതുരുത്തി. നഞ്ച് കയറുന്നത് മൂലം കിണറിനെ കുടിവെള്ളത്തിനായി ഉപയോഗിക്കുക സാധ്യമല്ല. ജലവിതരണ അതോറിറ്റിയും, രാജീവ് ദശലക്ഷം കുടിവെള്ള പദ്ധതിയും വിതരണം ചെയ്യുന്ന വെള്ളത്തെയാണ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാല്‍ വേനലില്‍ ഇത് കിട്ടാക്കനിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജലസംഭരണിക്കായ് ഇവിടത്തുകാര്‍ മുറവിളി കൂട്ടിയത്. കഴിഞ്ഞ മാസമാണ് ജലസംഭരണിയുടെ പ്രവൃത്തി പൂര്‍ത്തിയായി യാഥാര്‍ത്ഥ്യമായത്.
ജലവിതരണ അതോറിറ്റി പൂര്‍ണ്ണമായി കുടിവെള്ളം വിതരണം ചെയ്യുന്ന ദ്വീപായി അച്ചാംതുരുത്തി മാറി. കുടിവെള്ളത്തിനായി മറുകരതാണ്ടുകയും പൈപ്പിന് ചുവട്ടില്പാത്രം വെച്ച് ദിവസങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്ന അച്ചാംതുരുത്തിക്കാരുടെ ദുരിതത്തിനാണ് ഈ വേനലില്‍ അറുതിയായത്. അച്ചാംതുരുത്തിയിലെ എല്ലാവീടുകളിലും ശുദ്ധജലമെന്ന സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാവും. ചുറ്റിലും ഒഴുകുന്ന പുഴയിലെ വെള്ളം കണികണ്ടുണരുന്ന കുടുംബങ്ങള്‍ക്ക് ശുദ്ധജലക്ഷാമം നേരിട്ടിരുന്നു. 40 വര്‍ഷം മുമ്പ് ജലവിതരണ അതോറിറ്റിയും തുടര്‍ന്ന് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയും സ്ഥാപിച്ച പദ്ധതികള്‍ കാര്യക്ഷമമായിരുന്നില്ല. ജലവിതരണ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പഴകി ദ്രവിച്ച് നശിച്ചു.
ചെറുവത്തൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന് അച്ചാതുരുത്തിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ ഒന്നരവര്‍ഷം മുമ്പാണ് എല്ലാവരും ഒന്നിച്ചിരുന്ന് ആലോചന നടത്തിയത്. 410 കുടുംബങ്ങളാണ് അച്ചാംതുരുത്തിയിലുള്ളത്. 353 പേര് പങ്കെടുത്ത യോഗത്തില്‍ പഞ്ചായത്ത്പ്രസിഡന്റ് മാധവന് മണിയറ അച്ചാംതുരുത്തിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നല്കി. 10 ലക്ഷം രൂപ പഞ്ചായത്ത് തനത് ഫണ്ട്അനുവദിക്കാമെന്നും അറിയിച്ചു. ബൃഹത് പദ്ധതിക്ക് തുകപര്യാപ്തമല്ലാത്തതിനാല് ജലവിതരണ അതോറിറ്റി ഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ചെലവിട്ടാണ് പൈപ്പ് ലൈനുകള്‍മാറ്റി സ്ഥാപിച്ചത്. അഞ്ച് കിലോമീറ്റര്‍ അകലെ കാടങ്കോട്ടാണ് നിലവില്‍ കിണറും ജലസംഭരണിയുള്ളത്. അച്ചാംതുരുത്തിയില്‍ സ്വജല്‍ധാര കുടിവെള്ളവിതരണ സമിതി അനുവദിച്ച സ്ഥലത്താണ് ജലസംഭരണി സ്ഥാപിച്ചത്. എം.രാജഗോപാലന്‍ എം.എല്‍.എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 34 ലക്ഷം രൂപ ചെലവിട്ടാണ് 25,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി പണിതത്. നിലവില്‍ 195 കുടുംബങ്ങള്‍ക്കാണ് ജലവിതരണ അതോറിറ്റിയുടെ കണക്ഷനുള്ളത്. 202 കുടുംബങ്ങള്‍ക്ക് പുതിയ കണക്ഷന് നല്‍കുന്നതോടെ അച്ചാംതുരുത്തി പൂര്‍ണമായി ജലവിതരണ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്ന പ്രദേശമായി മാറും.
0 Comments