23-ാം വയസില്‍ മുഹമ്മദ്ഫഹദ് എസ്.എസ്.എല്‍.സി.പരീക്ഷാഹാളിലേക്ക്


ചെറുവത്തൂര്‍: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ തളര്‍ത്തിയ ജീവിതവുമായി നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ഇരുപത്തിമൂന്നാം വയസില്‍ മുഹമ്മദ് ഫഹദ് എസ്.എസ്.എല്‍.സി പരീക്ഷക്ക് തയ്യാറെടുക്കുന്നു.
ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയിലാണ് കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിധി തളര്‍ത്തിയ മനസ്സുമായി മറ്റൊരു കുട്ടിയുടെ സഹായത്തോടെ ഫഹദ് പരീക്ഷ എഴുതുന്നത്. ദീര്‍ഘകാലം ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ വര്‍ഷിച്ച കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ചീമേനി എസ്റ്റേറ്റിന് കീഴിലുള്ള ചെറുവത്തൂര്‍ കാടങ്കോട് അസിനാര്‍ മുക്കിലെ സുബൈര്‍ - സഫിയ ദമ്പതികളുടെ മകനാണ് ഫഹദ്. 'മാനസിക വെല്ലുവിളി നേരിടുന്ന സെലിബ്രല്‍ പാഴ്‌സി രോഗബാധിതനാണ് 12 വയസ് വരെ നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ ഫഹദിന് കഴിഞ്ഞിരുന്നില്ല. കണ്ണിന് തീരെ കാഴ്ചയില്ലായിരുന്നു. മാതാപിതാക്കള്‍ ഫഹദിന്റെ അസുഖം ഭേദപ്പെടുത്താനായി ചെയ്യാത്ത ചികിത്സകളില്ല. ഒടുവില്‍ ഷോര്‍ണൂരിലെ ഒരു ആയുര്‍വ്വേദ വൈദ്യന്റെ ചികിത്സയില്‍ കണ്ണിന് അല്‍പ്പം കാഴ്ച കിട്ടി. ഇതോടെ പന്ത്രണ്ടാം വയസില്‍ പയ്യന്നൂരിനടുത്തുള്ള ബഡ്‌സ് സ്‌കൂളില്‍ ചേര്‍ത്തു. ഇവിടെ അഞ്ചാംതരം പൂര്‍ത്തിയാക്കിയ ശേഷം കാടങ്കോട് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനം തുടരുകയായിരുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുള്ള അവസാന ഒരുക്കത്തിലാണ്. പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മാതാപിതാക്കള്‍ പിന്തുണയുമായി കൂടെയുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സയോ പെന്‍ഷന്‍ ആനുകൂല്യമോ ഫഹദിന് ലഭിച്ചിട്ടില്ല. വികലാംഗ പെന്‍ഷനായി പ്രതിമാസം 1100 രൂപ വീതം ലഭിക്കുന്നതായി മാതാവ് സഫിയ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കായി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ അധികൃതര്‍ കനിഞ്ഞില്ല. ഫഹദിന്റെ ഇളയ സഹോദരി ആയിഷ (14) യും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയാണ്. രോഗം ബാധിച്ച രണ്ട് മക്കളെയും ചികിത്സിക്കുകയും വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ ദമ്പതികള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. പരിമിതിയും രോഗങ്ങളും ഇവരുടെ ജീവിത പാന്ഥാവിന് തടസ്സമാകരുത്. ഇളയ മകന്‍ മുഹമ്മദ് സുഹൈര്‍.

Post a Comment

0 Comments