ചെറുപുഴ : കുടിയേറ്റ ഗ്രാമങ്ങളിലെ യാത്രക്ലേശത്തിന് പരിഹാരമായി 3500 കോടി രൂപ ചിലവില്‍ കാസര്‍കോട് നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 1332 കി.മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന മലയോര ഹൈവേയിലെ ആദ്യ റീച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ചെറുപുഴ മുതല്‍ ഇരിട്ടി വള്ളിത്തോടുവരെയുള്ള 64.5 കിലോമീറ്റര്‍ ഹൈവേയാണ് പൂര്‍ത്തിയായത്. ആദ്യ റീച്ചിന്റെ ഉദ്ഘാടനം മാര്‍ച്ച് 21 ന് ചെറുപുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും.
ചെറുപുഴ മുതല്‍ അരങ്ങംവരെയും കരുവഞ്ചാല്‍ മുതല്‍ ചെമ്പേരിക്കടുത്ത് പുറഞ്ഞാണ്വരെയും പയ്യാവൂര്‍ മുതല്‍ ഉളിക്കല്‍ വരെയും കൂമന്തോട് മുതല്‍ വള്ളിത്തോട് വരെയും 49 കിലോമീറ്റര്‍ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി പുതുതായി നിര്‍മ്മിച്ചത്. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ ഏഴുമീറ്റര്‍ വീതിയിലാണ് ടാറിട്ടത്. വെള്ളം കുത്തിയൊഴുകുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇതൊഴുകി പോകുന്നതിന് കൂടുതല്‍ ശേഷിയുള്ള ഓവുചാല്‍ നിര്‍മ്മിച്ചു. വലിയ പാലങ്ങളൊന്നും നിര്‍മ്മിക്കേണ്ടിവന്നില്ല. 65 കലുങ്കുകള്‍ പണിതു.190 കോടി രൂപയുടെ അടങ്കലുള്ള റോഡ് പണി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മൂന്ന് വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. 500 തൊഴിലാളികള്‍ മൂന്ന് വര്‍ഷം മൂന്ന് ക്യാമ്പുകളിലായി താമസിച്ചാണ് പണി നടത്തിയത്.
0 Comments