കാസര്‍കോട്ടെ കോവിഡ് രോഗി കണ്ണൂരിലുമെത്തി, 20 പേര്‍ നിരീക്ഷണത്തില്‍


കണ്ണൂര്‍: കോവിഡ് 19 സ്ഥിരീകരിച്ച കുഡ്‌ലു സ്വദേശി കണ്ണൂരിലുമെത്തി. തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ ഇദ്ദേഹം എത്തിയതായാണ് സൂചന. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇയാളുടെ സഞ്ചാരപഥം പൂര്‍ണമായി പുറത്തുവിടാന്‍ കാസകോട് ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രോഗി പല കാര്യങ്ങളും മറയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.
ചില വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇയാളുടെ പ്രൈമറി കോണ്‍ടാക്റ്റ് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കണ്ണൂരിലെത്തിയ വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രൈമറി കോണ്‍ടാക്റ്റുകള്‍ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കിയത്. എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അതേസമയം, തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ പൊലീസ് നിര്‍ദേശം അവഗണിച്ച് ജനക്കൂട്ടം കൂടുന്ന സാഹചര്യത്തില്‍ ഉത്സവം സംഘടിപ്പിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ 6 ന് ആരംഭിച്ച ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് സമാപനം കുറിക്കുന്ന ചടങ്ങായ കൂടിപ്പിരിയലാണ് ഇന്നലെ നടന്നത്.
സാധാരണയായി സന്ധ്യക്ക് നടക്കുന്ന കൂടിപ്പിരിയല്‍ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് 2.30 ന് ആരംഭിച്ച് 4 മണിയോടെ അവസാനിപ്പിച്ചിരുന്നു. എങ്കിലും ആള്‍കൂട്ടമുണ്ടായ സാഹചര്യത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 60 ഓളം പേര്‍ക്കെതിരെയാണ് കേസ്.
നാട് മുഴുവന്‍ കൊറോണ വൈറസ് വിളമ്പിയ കാസര്‍കോട്ടെ ഗള്‍ഫുകാരനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ വന്‍ ആക്രമണമാണ് നടക്കുന്നത്. രോഗിയാണെന്ന് അറിയുന്നതിന് മുമ്പാണോ പര്യടനങ്ങള്‍ നടത്തിയതെന്ന് വ്യക്തമല്ല.
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ദീന്‍ എന്നിവരെ ഇയാള്‍ ഐസോലേഷനിലാക്കിയിരിക്കുകയാണ്.

Post a Comment

0 Comments