കോവിഡ് 19 പ്രതിരോധം: താപനില ഉയരുന്നത് ഗുണകരമെന്ന് നിഗമനം


കാഞ്ഞങ്ങാട്: സംസ്ഥാനത്തു താപനില ഉയരുന്നത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമായേക്കുമെന്നു നിഗമനം. കടുത്തചൂട് ബാഹ്യപ്രതലങ്ങളിലും വസ്തുക്കളിലുമുള്ള കൊറോണ െവെറസുകള്‍ വേഗത്തില്‍ നശിക്കാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. 2002-03ല്‍ പടര്‍ന്നുപിടിച്ച സാര്‍സ് രോഗവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ നടന്ന പഠനങ്ങള്‍ ഇക്കാര്യത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് ആരോഗ്യവകുപ്പ് വിദഗ്ദര്‍ പറയുന്നു.
സാര്‍സ്‌ െവെറസുകള്‍ പരീക്ഷണ വിധേയമാക്കിയപ്പോള്‍ 56 ഡിഗ്രി സെല്‍ഷ്യസില്‍ 90 മിനിട്ടും 67 ഡിഗ്രിയില്‍ 60 മിനിറ്റും 75 ഡിഗ്രിയില്‍ 30 മിനിറ്റും പിന്നിട്ടാല്‍ ആക്രമണശേഷി നശിക്കുന്നതായാണ് കണ്ടെത്തിയത്. ഇതിനേക്കാള്‍ ശേഷി കൂടിയതെങ്കിലും ഇപ്പോഴത്തെ കോവിഡ് 19 െവെറസുകള്‍ക്ക് 37 ഡിഗ്രിയോളം ഉയര്‍ന്ന താപനിലയില്‍ 5 6 മണിക്കൂറിനകം ശക്തി കുറയാനാണ് സാധ്യത.
പൊതു സ്ഥലങ്ങളിലേയും പ്രതലങ്ങളിലേയുമൊക്കെ െവെറസ് സാന്നിധ്യം വേഗത്തില്‍ ഇല്ലാതാകുന്നത് രോഗവ്യാപനം തടയാന്‍ സഹായകരമാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ അടുത്തയാഴ്ചകളില്‍ താപനില വര്‍ധിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നത്. ഇപ്പോള്‍ തന്നെ വിവിധയിടങ്ങളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി കടന്നതായി റിപ്പോര്‍ട്ടുണ്ട്. കൊറോണ വിഭാഗത്തില്‍പ്പെട്ട െവെറസുകള്‍ പടര്‍ത്തിയ സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ നിയന്ത്രണ വിധേയമാകാന്‍ ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാലാവസ്ഥ മാറ്റവും സഹായകരമായിട്ടുണ്ട്.
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന സാര്‍സ് 17 വര്‍ഷം മുമ്പ് 25 രാജ്യങ്ങളിലായി 8,100 പേരെ ബാധിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു. 2012ല്‍ സൗദി അറേബ്യയില്‍ പ്രത്യക്ഷപ്പെട്ട മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന മെര്‍സ് 858 ജീവനുകളാണ് അപഹരിച്ചത്. ഇവയേക്കാള്‍ തീവ്രമായ കോവിഡ് 19 ഇതിനോടകം 145 രാജ്യങ്ങളിലായി 1,80,000 പേരെ ബാധിക്കുകയും ഏഴായിരത്തിലേറെപേരുടെ മരണത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്.
താപനിലയും അന്തരീക്ഷ ആര്‍ദ്രതയും സാധാരണ െവെറസ് രോഗങ്ങളെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. ഇവയിലേറെയും ഉയര്‍ന്ന ആര്‍ദ്രതയുള്ള ഭാഗങ്ങളിലാണ് പടര്‍ന്നു പിടിച്ചിട്ടുള്ളത്. എന്നാല്‍, എച്ച്1എന്‍1 പനി പരത്തുന്ന ഇന്‍ഫല്‍വന്‍സ െവെറസുകള്‍ക്ക് വരണ്ട കാലാവസ്ഥ അനുകൂലമായിരുന്നു. െവെറസുകള്‍ക്കുണ്ടാകുന്ന ജനിതകമാറ്റം അവയുടെ ആക്രമണ ശേഷിയും പ്രതികൂല പരിതസ്ഥിതികളെ അതിജീവിക്കാനുള്ള കരുത്തും വര്‍ധിപ്പിക്കുന്നതായാണു വ്യക്തമായിട്ടുള്ളത്. കോവിഡ്, കൊറോണ െവെറസുകളുടെ കാര്യത്തിലും വിദഗ്ധ പഠനങ്ങള്‍ നടന്നുവരികയാണ്.

Post a Comment

0 Comments