കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് 14 ലക്ഷം നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു


മാവുങ്കാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് കെട്ടിട ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപെട്ടില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.വി.വി.ഇ.എസ് മാവുങ്കാല്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് യോഗം അറിയിച്ചു.
മാവുങ്കാല്‍ യൂണിറ്ററില്‍ ഏകോപന സമിതി അംഗങ്ങളായ 31 വ്യാപാരികളുടെ കടകള്‍ നഷടപ്പെടുന്നുണ്ട്. പത്ത് സ്ഥാപനങ്ങളിലെ വ്യാപാരികള്‍ക്ക് പതിമൂന്ന് ലക്ഷത്തിനാല്‍പ്പതിനായിരം രൂപ ജില്ലാ കമ്മറ്റി കെട്ടിട ഉടമകളുമായി സംസാരിച്ച് നഷ്ടപരിഹാരം വാങ്ങി നല്‍കിയിട്ടുണ്ട്. പതിനൊന്ന് വ്യാപാരികള്‍ക്ക് പുതിയ കെട്ടിത്തില്‍ പുനരധിവാസം ഉറപ്പ് വരുത്തിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഹൈക്കോടതി നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ ജില്ലാ ഭാരവാഹികള്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. കേരള ഗവ. പ്രഖ്യാപിച്ച ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്നും കെട്ടിട ഉടമകള്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു. ട്രേഡേഴ്‌സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമില്‍ ചേര്‍ന്ന് മരണമടഞ്ഞ വ്യാപാരികളുടെ കുടുംബത്തിന് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് ലോഹിതാക്ഷന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി സുബൈര്‍ ഉദ്ഘാടനം ചെയ്തു. വി.കെ.ഉണ്ണികൃഷ്ണന്‍, ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments