നീതി നിഷേധത്തിനെതിരെ ഡാറ്റാബേങ്ക് സങ്കടകൂട്ടായ്മ 12 ന്


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ഉള്‍പ്പെട്ടതും ബല്ല, കാഞ്ഞങ്ങാട്, ഹോസ്ദുര്‍ഗ് വില്ലേജുകളിലെ പരിധിയില്‍പ്പെട്ടതുമായ ഏഴായിരത്തിലധികം സ്ഥല ഉടമകള്‍ ഉദ്യോഗസ്ഥന്മാരുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികളുടെയും ഭാഗത്ത് നിന്നും വന്ന ഗുരുതരമായ പിഴവ് കാരണം തങ്ങളുടെ സ്ഥലങ്ങള്‍ ഡാറ്റാബേങ്കില്‍പ്പെട്ടതുകാരണം ഒരു വിധത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനവും നടത്താനാവാതെ പ്രയാസപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ നെല്‍വയല്‍-തണ്ണീര്‍ത്തട ഭേദഗതി ഉത്തരവിനെ തുടര്‍ന്ന് ഇത്തരത്തില്‍ പറമ്പായിട്ടുള്ള ഭൂമികള്‍ ഡാറ്റാബേങ്കില്‍ നിന്നും ഒഴിവായി കിട്ടുന്നതിന് കൃഷിഭവനിലും ആര്‍.ഡി.ഒ ഓഫീസിലും അപേക്ഷകള്‍ നല്‍കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനത്തെ തുടര്‍ന്ന് നഗരസഭാപരിധിയിലെ ഏഴായിരത്തിലധികം അപേക്ഷകള്‍ 2017-2018 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ചുവെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആകെ 250 അപേക്ഷകളില്‍ മാത്രമാണ് പരിശോധന നടത്തിയത്. അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഈ മെല്ലെപ്പോക്കിനെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകാന്‍ എം.കുഞ്ഞമ്പാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡാറ്റാബേങ്ക് സങ്കട കൂട്ടായ്മ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി മാര്‍ച്ച് 12 ന് വ്യാഴാഴ്ച കാലത്ത് 10 മണിക്ക് സങ്കടകൂട്ടായ്മ ആര്‍. ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യും.
യോഗത്തില്‍ സി.മുഹമ്മദ്കുഞ്ഞി, കൂക്കള്‍ ബാലകൃഷ്ണന്‍, എം.കുമാരന്‍, ഡോ.പി. വി.വിജയന്‍, പാലാട്ട് ഇബ്രാഹിം, ഷൗക്കത്തലി, അബ്ദുള്‍ റഹ്മാന്‍ സെവന്‍സ്റ്റാര്‍, കെ.കൃഷ്ണന്‍, സി. എച്ച്.സുബൈദ, ജാര്‍ദ്ദനന്‍, സുധാകരന്‍, എം.എസ്.ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments