ഇറ്റലി: ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊവിഡ് 19 വൈറസ് ബാധ നൂറിലധികം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. രോഗബാധയില്‍ ഇറ്റലിയില്‍ മരണം 390 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 133 കൊവിഡ് 19 വൈറസ് ബാധിതരാണ് ഇറ്റലിയില്‍ മരിച്ചത്. ഇന്നലെ 1247 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 7325 പേര്‍ക്ക് ഇറ്റലിയില്‍ രോഗബാധ സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും തിരക്കുള്ള വാണിജ്യ വ്യവസായ മേഖലയായ ലൊമ്പാര്‍ഡിയും സമീപത്തുള്ള 14 പ്രവിശ്യകളും ഏപ്രില്‍ 3 വരെ അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഒന്നരക്കോടിയിലധികം പേര് നിരീക്ഷണത്തിലുണ്ട്. ആകെ ജനസംഖ്യയുടെ കാല് ഭാഗത്തോളം വരും ഇത്.
ലോകമാകെയുള്ള കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷത്തി പത്തായിരത്തി ലെത്തി. ഇറാനില്‍ മരണസംഖ്യ 200 കവിഞ്ഞു . ഇന്നലെ മാത്രം മരിച്ചത് 49 പേര്. ഫ്രാന്‍സില്‍ 3 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 19 ആയി. യുകെയിലും സ്വിറ്റ്സര്‍ലണ്ടിലും ഹോങ്കോംഗിലും ഒരാള്‍ വീതവും നെതര്‍ലണ്ട്സില്‍ രണ്ടുപേരും മരിച്ചു. തെക്കന്‍ കൊറിയയില്‍ 7134 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ മരണം 21 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിന് പുറമേ ഒറിഗോണ്‍ സംസ്ഥാനത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വീണ്ടും രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് കേരളത്തിലുള്ളത്. കൊവിഡ് 19 രോഗം സംശയിക്കുന്ന അഞ്ച് പേരുടെ സാമ്പിള്‍ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇറ്റലിയില്‍ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലര്‍ത്തിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാഥമിക പട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു. ഇവര്‍ സന്ദര്‍ശിച്ച ആളുകള്‍ ആരൊക്കെ ആയി ഇടപഴകി എന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
0 Comments