മംഗലാപുരത്തെ പോലീസ് അക്രമം: ഹൈക്കോടതി ശരിവെച്ചത് സിപി എം നിലപാട്- പി കരുണാകരന്‍


കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി മംഗലാപുരത്ത് നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനം സിപി എം പറഞ്ഞ വസ്തുതകള്‍ ശരിവെക്കുന്നതാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ പറഞ്ഞു.
അന്വേഷണം പക്ഷപാതപരമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്നും കോടതി വിമര്‍ശിക്കുന്നുണ്ട്. മംഗലാപുരത്തെ അക്രമം ആസൂത്രിതമാണെന്ന് അന്നേ വ്യക്തമായതാണ്. സംഘപരിവാറിന്റെ ഇംഗിതത്തിനസരിച്ചാണ് പോലീസ് പ്രവര്‍ത്തിച്ചത്. പ്രകോപനമില്ലാതെയുള്ള പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് രണ്ട് നിരപരാധികളാണ്. നിരവധി പേര്‍ക്ക്പരിക്കേറ്റു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും പോലീസ് അതിക്രമം നടത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മംഗലാപുരത്തെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ബന്ദിയാക്കി. കൊല്ലപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മംഗലാപുരത്ത് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ സിപി എം സംഘം സന്ദര്‍ശിച്ചപ്പോള്‍ ഈ വസ്തുതകള്‍ വ്യക്തമാക്കിയതായിരുന്നു. ഇത് ശരിവെക്കുന്ന ഹൈക്കോടതി വിലയിരുത്തല്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനും പോലീസിനും കനത്ത തിരിച്ചടിയാണന്ന് പി കരുണാകരന്‍ പറഞ്ഞു.

Post a Comment

0 Comments