നീലേശ്വരം ജെ.സിയില്‍ അംഗങ്ങളെ പുറത്താക്കിയത് സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്


നീലേശ്വരം: നീലേശ്വരം ജെ.സിയിലെ ഏതാനും അംഗങ്ങളെ പുറത്താക്കിയത് ജെ.സി എജ്യുക്കേഷന്‍ ട്രസ്റ്റിലെ തര്‍ക്കവുമായി ബന്ധപ്പെട്ടല്ലെന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണെന്നും ജെ.സി ഭാരവാഹികള്‍ പറഞ്ഞു. ജെസിസിന്റെ അംഗത്വത്തിലിരുന്ന് പലതരത്തിലുള്ള സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗൂഡാലോചന നടത്തുകയും ചെയ്തതിന് ഇവരെ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ മൂന്നാമത് ജനറല്‍ബോഡിയോഗം ചിട്ടയായും ബൈലോ പ്രകാരവും എല്ലാ നടപടിക്രമങ്ങളും പാലിച്ചുമാണ് നടത്തിയത്. 15 ദിവസം മുമ്പുതന്നെ ട്രസ്റ്റ് അംഗങ്ങള്‍ക്ക് ജനറല്‍ബോഡിയുടെ വിവരം കൃത്യമായി അറിയിച്ചിരുന്നു. പ്രവര്‍ത്തനറിപ്പോര്‍ട്ടും ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ഓഡിറ്റ് ചെയ്ത വരവുചെലവ് കണക്കുമാണ് അവതരിപ്പിച്ചത്. ജനുവരി 15 മുതല്‍ 20 വരെ അക്കൗണ്ട് പരിശോധിക്കാന്‍ എല്ലാവര്‍ക്കും അവസരവും നല്‍കി. എന്നാല്‍ ഇത്തരം യാഥാര്‍ത്ഥ്യം മറച്ചുവെച്ച് ചിലര്‍ നീലേശ്വരം ജെ.സിക്കെതിരെ ബോധപൂര്‍വ്വമായ വ്യാജപ്രചരണം അഴിച്ചുവിടുകയാണ് ചെയ്യുന്നത്. യോഗത്തില്‍ കൃത്യമായി പങ്കെടുക്കുകയും വ്യക്തമായ കാരണങ്ങളാല്‍ അവധിക്ക് അപേക്ഷിക്കുകയും ചെയ്ത 17 അംഗങ്ങളെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തു. ട്രസ്റ്റിന്റെ പ്രധാനലക്ഷ്യമായ ക്യാമ്പസ് നിര്‍മ്മാണം ശക്തമാക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കാനും ജനറല്‍ബോഡിയോഗം തീരുമാനിച്ചു. കിഴക്കന്‍കൊഴുവല്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ജി വിഭാഗം സുസജ്ജമായനിലയില്‍ തളിയില്‍ക്ഷേത്രത്തിന് സമീപത്തെ മെയിന്‍ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങാനും ജനറല്‍ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് ചില അംഗങ്ങള്‍ തെറ്റിദ്ധാരണപരത്തുകയാണെന്നും ജെ.സി ഭാരവാഹികള്‍ ആരോപച്ചു.

Post a Comment

0 Comments