വൈദ്യുതി മേഖല സ്വകാര്യ വല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം


കാഞ്ഞങ്ങാട്: വിനാശകരമായ വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു) കാഞ്ഞങ്ങാട് ഡിവിഷന്‍ സമ്മേളനം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
വൈദ്യുതി വിതരണ മേഖലയില്‍ പൂര്‍ണ്ണ സ്വകാര്യ വല്‍ക്കരണം നടത്തുന്നതിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മീറ്ററുകള്‍ പൂര്‍ണമായി പ്രീപെയ്ഡ് മീറ്ററുകള്‍ ആക്കണമെന്നാണ് കേന്ദ്ര ബഡ്ജറ്റില്‍ പറയുന്നത്. ഇത് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി മേഖലയില്‍ പൂര്‍ണമായും കടന്നു കയറുന്നതിനാണ്. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട് ഡോ വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒ.പി.പദ്മനാഭന്‍, പി പി ബാബു, കെ കൃഷ്ണന്‍, കെ നന്ദിനി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. പി പി ബാബു രക്തസാക്ഷി പ്രമേയവും കെ ചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജയപ്രകാശ് സംഘടനാറിപ്പോര്‍ട്ടും ഡിവിഷന്‍ സെക്രട്ടറി കെ ശശിധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ടി എസ് ഗോപാലകൃഷ്ണപിള്ള വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.

Post a Comment

0 Comments