അനധികൃത കെട്ടിടനിര്‍മ്മാണം; കാഞ്ഞങ്ങാട്ടും മരട് ആവര്‍ത്തിക്കും


കാഞ്ഞങ്ങാട്: എല്ലാ നിയമങ്ങളുടെ ചട്ടങ്ങളും കാറ്റില്‍പറത്തി നോര്‍ത്ത് കോട്ടച്ചേരി വയലില്‍ മണ്ണിട്ട് നികത്തി സ്വകാര്യആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെ പരിസരവാസികള്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്കും പരാതി നല്‍കി.
പൊല്യൂഷന്‍ ബോര്‍ഡ്, ലീഗല്‍ സര്‍വ്വീസ് അതോര്‍റ്റി എന്നിവര്‍ക്കും ആശുപത്രിക്ക് സമീപത്തെ രാജിഷാലയത്തില്‍ സി.രാജന്‍, കൃഷ്ണകൃപാവീട്ടില്‍ കണ്ണന്‍കുട്ടിയുടെ ഭാര്യ എം.സുനിത എന്നിവര്‍ പരാതി നല്‍കി.
കച്ചവടാവശ്യത്തിന് വെറും 2552 ചതരുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ 2013 ജനുവരി 15 നാണ് കെട്ടിട ഉടമകളായ എം.ബി അബ്ദുള്ളഹാജിയുടെ മകന്‍ എം.എ നിസാര്‍, അബ്ദുള്‍ഖാദറിന്റെ മകള്‍ എം.സുഹ്‌റ, എം.മുഹമ്മദിന്റെ മകന്‍ സി.എം.ജലീല്‍ എന്നിവര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും പെര്‍മിറ്റ് വാങ്ങിയത്. 2008 ല്‍ സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍വന്നു. എന്നിട്ടും കാഞ്ഞങ്ങാട് നഗരസഭയിലെ ഉദ്യോഗസ്ഥന്മാരെ പാട്ടിലാക്കി വയലില്‍ മണ്ണിട്ട് നികത്തി കെട്ടിടം പണിയാന്‍ പര്‍മിറ്റ് സംഘടിപ്പിക്കുകയായിരുന്നു.
നിലവില്‍ 5 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ആശുപത്രിക്ക് വേണ്ടി ആയിരക്കണക്കിന് ലോഡ് മണ്ണ് വയലില്‍ ഇട്ട് ഉയര്‍ത്തി. അവധിദിവസമായ കഴിഞ്ഞ ഞായറാഴ്ചയും അമ്പതോളം ലോഡ് മണ്ണിറക്കി. ഇതെല്ലാം റവന്യൂ, മുനിസിപ്പല്‍ ഉദ്യോഗസ്ഥന്മാരുടെയും മുനിസിപ്പല്‍ ഭരണസമിതിയുടെയും ഒത്താശയോടെയാണെന്ന് പരിസരവാസികള്‍ പറയുന്നു. വയല്‍ നികത്തിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചാല്‍ പിന്നീട് കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ച് നഗരസഭയില്‍ നിന്നും കെട്ടിടനമ്പര്‍ സംഘടിപ്പിക്കാനാണ് സ്വകാര്യ ആശുപത്രി ലോബിയുടെ നീക്കം. മുന്‍പന്തിയില്‍ മൂന്നോ നാലോ ആളുകളാണ് ആശുപത്രിക്ക് വേണ്ടി രംഗത്തുള്ളത്. എന്നാല്‍ ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, കുമ്പള തുടങ്ങിയ സ്ഥലങ്ങളിലുള്ള പത്തോളം വന്‍സ്രാവുകളാണ് ആശുപത്രി നിര്‍മ്മാണത്തിന് പിന്നിലെന്നാണ് സൂചന. നഗരസഭാ ഉദ്യോഗസ്ഥന്മാരെ മാത്രമല്ല, ചെയര്‍മാനെ വേണമെങ്കിലും വിലക്കെടുക്കാന്‍ ശേഷിയുള്ളവരാണ് ഇവര്‍.
ഇതിനിടയില്‍ ആശുപത്രി നിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിക്കാനും ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. വയലില്‍ മണ്ണിട്ട് നികത്തി ആശുപത്രി തുടങ്ങിയാല്‍ ആശുപത്രിയിലെ മാലിന്യം പരിസരത്താകെ കുടിവെള്ള സ്രോതസ്സുകളില്‍ കലരും. ആശുപത്രി കെട്ടിടനിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ റിട്ടയേര്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സി.രാജന്റെയും മറ്റൊരു അയല്‍വാസി സുനിതയുടെയും വീട്ടുകിണറിലെ വെള്ളത്തിന്റെ നിറംമാറി. സിമന്റില്‍നിന്നുള്ള വെള്ളം അരിച്ചിറങ്ങിയതാണ് കിണര്‍വെള്ളം മലിനമാവാന്‍ കാരണം. ആശുപത്രി തുടങ്ങിയാല്‍ 25 മീറ്റര്‍ ചുറ്റളവില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥവരും. കാരണം വര്‍ഷകാലത്ത് വെള്ളം ഉയരുന്ന തണ്ണീര്‍ത്തടങ്ങളാണിവിടം. വരുംകാലങ്ങളില്‍ വയലില്‍ വീടുകളില്‍ വെള്ളം കയറുന്നതരത്തില്‍ വെള്ളം ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കിണറുകളിലും മലിനജലം നിറയും. ഇത്രമാത്രം വിപത്ത് ക്ഷണിച്ചുവരുത്തുന്ന ആശുപത്രിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ കണ്ണുചിമ്മുന്നത് സംശയം ജനിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments