ഉദുമയില്‍ കണ്ണുംനട്ട് കെ.പി; ഹക്കീമും ബാലകൃഷ്ണനും വിനോദും പിടിമുറുക്കുന്നു


കാഞ്ഞങ്ങാട്: ഉദുമ നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിലും ചരട്‌വലി ശക്തമായി.
മുന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ സീറ്റിനുവേണ്ടി ശക്തമായി ചരടുവലിക്കുമ്പോള്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, വിനോദ്കുമാര്‍ പള്ളയില്‍ വീട് എന്നിവരും ഉദുമ സീറ്റിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. ഉദുമയിലെ മുന്‍ എം.എല്‍.എ എന്ന പരിഗണനയില്‍ കെ.പി.കുഞ്ഞിക്കണ്ണന് മുന്‍തൂക്കമുണ്ടെങ്കിലും ന്യൂനപക്ഷ കാര്‍ഡ് ഇറക്കിയാണ് ഹക്കീം കുന്നില്‍ സീറ്റില്‍ കണ്ണുവെച്ചിരിക്കുന്നത്. മണ്ഡലത്തിലെ വോട്ട്ബാങ്കായ ഈഴവ പിന്തുണയില്‍ ഈസി വാക്ക്ഓവര്‍ നേടാമെന്നാണ് ബാലകൃഷ്ണന്‍ പെരിയ കെ.പി.സി.സി നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്.
അതേസമയം കെ.എസ്.യു ജില്ലാ പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലുള്ള പാരമ്പര്യം ഉയര്‍ത്തികാട്ടിയാണ് വിനോദ്കുമാര്‍ പള്ളയില്‍വീടും രംഗത്തുള്ളത്. കല്യോട്ട് ഇരട്ടക്കൊലപാതകത്തിലൂടെ മണ്ഡലത്തില്‍ സിപിഎമ്മിന് നഷ്ടപ്പെട്ട ജനപിന്തുണ മുതലെടുത്താല്‍ ഇത്തവണ ഉദുമ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസമാണ് യുഡിഎഫിനുള്ളത്. അതുകൊണ്ടുതന്നെ സീറ്റിനായുള്ള സമ്മര്‍ദ്ദവും ശക്തമാണ്. മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്റെ പിന്തുണയും കെ.പി.സി.സിയുടെ പ്രബലവിഭാഗത്തിന്റെ പിന്തുണയും ബാലകൃഷ്ണന്‍ പെരിയക്കുണ്ട്. മുമ്പ് ഹക്കീമിന് ഉമ്മന്‍ചാണ്ടിയുടെ പിന്‍ബലമുണ്ടായിരുന്നു. ഇന്നത് മാറി യിട്ടുണ്ട്. മുന്‍ കെ.പി. സി.സി പ്രസിഡണ്ടും വടകര എം.പിയുമായ കെ.മുരളീധരന്‍, രാഹുല്‍ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീനിവാസന്‍ തുടങ്ങിയവരുമായുള്ള അടുപ്പമാണ് വിനോദ്കുമാര്‍ പള്ളയില്‍വീടിന് പ്രതീക്ഷ നല്‍കുന്നത്. എങ്കിലും ഉദുമ സീറ്റില്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ പിടിമുറുക്കിയാല്‍ മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവും എന്ന നിലയില്‍ കെ.പിക്കുതന്നെയാവും പ്രഥമ പരിഗണന ലഭിക്കുക.

Post a Comment

0 Comments