സീബ്രാലൈനിലെ രണ്ട് വിളക്ക് തൂണുകള്‍ ഇടിച്ചുതകര്‍ത്തു


കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡില്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനില്‍ രണ്ടുഭാഗത്തും സ്ഥാപിച്ച ലൈറ്റുകള്‍ അജ്ഞാത വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു.
കെ.എസ്.ടി.പി റോഡില്‍ കോട്ടച്ചേരി പെട്രോള്‍ പമ്പിന് മുന്നില്‍ രാത്രിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ രണ്ട്ഭാഗത്തും വെളിച്ചംവിതറാനായി സ്ഥാപിച്ച രണ്ട് വിളക്കുകാലുകളാണ് അജ്ഞാതവാഹനം ഇടിച്ചിട്ടത്. കാസര്‍കോടുഭാഗത്തേക്കും നീലേശ്വരംഭാഗത്തേക്കുമുള്ള റോഡിന്റെ ഡിവൈഡറിന്റെ മധ്യത്തില്‍ സ്ഥാപിച്ച വിളക്കുകളാണ് വാഹനം ഇടിച്ച് തകര്‍ത്തത്. വെളിച്ചംനല്‍കിയിരുന്ന വിളക്കുകള്‍ക്കുതന്നെ ഇതാണ് ഗതിയെങ്കില്‍ യാത്രക്കാരുടെ അവസ്ഥയെന്താകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. സീബ്രാലൈനില്‍ വാഹനങ്ങള്‍ വേഗത കുറച്ചുപോകണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ സ്ഥാപിച്ച മുന്നറിയിപ്പ് വിളക്കുകളാണ് തകര്‍ത്തത്. ഇത് തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല.
കെ.എസ്.ടി.പി റോഡില്‍ അപകടങ്ങളും അപകടമരണങ്ങളും വര്‍ദ്ധിച്ചുവരുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് മുറവിളികൂട്ടുന്നതിനിടയിലാണ് സുരക്ഷേഉറപ്പുവരുത്താന്‍ സ്ഥാപിച്ച വിളക്കുകാലുകള്‍ തന്നെ ഡിവൈഡറിലേക്ക് കയറി അമിതവേഗതയില്‍ വന്ന വാഹനം ഇടിച്ചുതകര്‍ത്തത്. ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സിസി ക്യാമറകള്‍ ഉണ്ടായിരുന്നുവെങ്കില്‍ വിളക്കുകാലുകള്‍ തകര്‍ത്ത വാഹനങ്ങളെ കണ്ടെത്താന്‍ കഴിയുമായിരുന്നു.

Post a Comment

0 Comments