പരിപാടികള്‍ക്ക് രാജാസ് സ്‌കൂള്‍ നല്‍കുന്നില്ല; പ്രതിഷേധം കനക്കുന്നു


നീലേശ്വരം: ചരിത്രം സാക്ഷിയായ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പൊതു പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കേണ്ടെന്ന മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാസര്‍കോടിന്റെ സാംസ്‌ക്കാരിക തലസ്ഥാനമെന്ന് പേരുകേട്ട നീലേശ്വരത്ത് സാംസ്‌ക്കാരിക പരിപാടികളും മറ്റു പൊതുചടങ്ങുകളും നടക്കാറുള്ളത് രാജാസ് മൈതാനിയിലാണ്. നീലേശ്വരത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനുള്ള വിശാലമായ സൗകര്യമുള്ളതും രാജാസില്‍ മാത്രമാണ്. എന്നാല്‍ ഇവിടെയാണ് പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് വരെ വേദിയായിട്ടുള്ള രാജാസ് മൈതാനം പൊതുപരിപാടികള്‍ക്ക് നല്‍കാനാവില്ലെന്ന നീലേശ്വരം രാജവംശത്തിനുകീഴിലുള്ള സ്‌ക്കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നീലേശ്വരത്തെ സാംസ്‌കാരികസംഘടനകള്‍. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നീക്കത്തെ ശക്തമായി നേരിടുമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സി.വിദ്യാധരന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനിയും മുന്‍മന്ത്രിയും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എന്‍.കെ.ബാലകൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് സ്‌കൂളില്‍ വേദി അനുവദിക്കാത്തത് മാടബിത്തരമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ലോക്കല്‍ കമ്മറ്റിയും മാനേജ്‌മെന്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
സ്‌കൂളിന് തൊട്ടടുത്തുള്ള തട്ടാച്ചേരി വടയന്തൂര്‍ കഴകം ക്ഷേത്രത്തില്‍ 23 വര്‍ഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തോടനുബന്ധിച്ച കലാപരിപാടികള്‍ക്ക് വേദി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ അപേക്ഷനല്‍കിയിരുന്നുവെങ്കിലും മാനേജ്‌മെന്റ് അനുമതി നല്‍കിയില്ല. അതിനാല്‍ ലക്ഷങ്ങള്‍ മുടക്കി താല്‍ക്കാലികമായി വേദി ഉണ്ടാക്കുകയാണ് ചെയ്തത്.
കഴിഞ്ഞ മാസം സ്‌കൂളില്‍ ആര്‍എസ്എസ് പദസഞ്ചലനം സംഘടിപ്പിച്ചിരുന്നു. ഇതിനുനേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിനെ തുടര്‍ന്ന് സംഘര്‍ഷവും പോലീസ് ലാത്തിചാര്‍ജും ടിയര്‍ഗ്യാസ് പ്രയോഗവും നടത്തിയിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂള്‍ മറ്റുകാര്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതിനാലാണ് സ്‌കൂള്‍ നല്‍കാത്തതെന്ന് മാനേജ് മെന്റ് പറയുന്നു. എന്നാല്‍ മാനേജ്‌മെന്റ് സ്‌കൂള്‍ പൊതുപരിപാടികള്‍ക്ക് നല്‍കുവാനുള്ള അവകാശം മാനേജ്‌മെന്റിനാണെന്ന് പൊതുപ്രവര്‍ത്തകരും പറയുന്നു.

Post a Comment

0 Comments