നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ ഒരു വീട്ടില്‍ നിന്നും മൂന്നര പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ചത് കാഞ്ഞങ്ങാട് നിത്യാനന്ദാപോളിടെക്നിക്കില് മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയ മോഷ്ടാവെന്ന് തെളിഞ്ഞു.
പള്ളിക്കര ബീച്ചിനടുത്ത് താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണനെയാണ് (44) കഴിഞ്ഞ ദിവസം നിത്യാനന്ദപോളിടെക്നിക്കില് മോഷണശ്രമത്തിനിടയില്‍ നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് പടിഞ്ഞാറ്റംകൊഴുവലിലെ വാദ്യകലാകാരന് അഭിലാഷ്മാരാറുടെ വീട്ടില്‍ നിന്നും മൂന്നര പവന് സ്വര്‍ണാഭരണം മോഷ്ടിച്ചത് താനാണെന്ന് സമ്മതിച്ചത്. ഒരു മാസം മുമ്പാണ് അഭിലാഷിന്റെ വീട്ടില്‍ നിന്നും കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ചത്. അഭിലാഷ് വാദ്യമേളത്തിന് പോയതിനാല്‍ ഭാര്യ രശ്മിയും കുട്ടിയും അയല്‍വീട്ടിലാണ് കിടന്നുറങ്ങിയത്. രാവിലെ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണമാല മോഷ്ടിച്ചതറിഞ്ഞത്. രശ്മിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കാഞ്ഞങ്ങാട് പിടിയിലായത്. തുടര്‍ന്ന് രാധാകൃഷ്ണനെ ഹോസ്ദുര്‍ഗ് പോലീസ് നീലേശ്വരം പോലീസിന് കൈമാറി. കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നും വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ചതുള്‍പ്പെടെ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. നീലേശ്വരം പോലീസ് രാധാകൃഷ്ണനെ ചോദ്യം ചെയ്തുവരികയാണ്. അടുത്തകാലത്തായി നീലേശ്വരത്ത് ക്ഷേത്രങ്ങളിലുള്‍പ്പെടെ നടന്ന നിരവധി മോഷണങ്ങള്‍ക്ക് ഇയാള്‍ക്ക് ബന്ധമുണ്ടാകുമോയെന്ന് പോലീസ് സംശയിക്കുന്നു.
0 Comments