കെല്‍ട്രോണ്‍ ഇടപാടില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തും അഴിമതി; യു.ഡി.എഫ് പ്രതിക്കൂട്ടില്‍


തിരുവനന്തപുരം: പോലീസ് സേനാ നവീകരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) റിപ്പോര്‍ട്ടില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരും പ്രതിക്കൂട്ടില്‍. യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസില്‍ ഇബീറ്റ് നടപ്പാക്കിയതിലും വോയ്‌സ് ലോഗര്‍, ജി.പി.എസ് സംവിധാനങ്ങള്‍ കെല്‍ട്രോണില്‍നിന്ന് വാങ്ങിയതിലും മൊെബെല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വാഹന ഇടപാടിലും ക്രമക്കേടെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഈ ഇടപാടുകള്‍ മാനദണ്ഡങ്ങള്‍ക്കുവിരുദ്ധവും കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സി.വി.സി) നടപടികള്‍ പാലിക്കാതെയുമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇടപാട് നടക്കുംമുമ്പ് കമ്പനിക്ക് പണം നല്‍കിയ സംഭവമുണ്ടായെന്നും ചൂണ്ടിക്കാട്ടുന്നു. പോലീസുകാരുടെ പട്രോളിങ് ഡ്യൂട്ടിക്ക് നല്‍കുന്ന മൊെബെല്‍ ഫോണ്‍ അധിഷ്ടിത സാങ്കേതികസംവിധാനമായ ഇബീറ്റ് 2012ല്‍ നടപ്പാക്കിയതില്‍ സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വലും സി.വി.സി. മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചു. 2012 ഡിസംബറിലാണ്‌ െവെഫിനിറ്റി ടെക്‌നോളജി ലിമിറ്റഡ് ബംഗളൂരു എന്ന സ്ഥാപനത്തിന് 1.88 കോടിയുടെ കരാര്‍ ഇതിനായി നല്‍കിയത്. സാധനങ്ങള്‍ കമ്പനി െകെമാറിയത് 2013 ഡിസംബറിലാണ്. എന്നാല്‍ 2013 മാര്‍ച്ചില്‍തന്നെ ഇവ െകെമാറി എന്നു കാണിക്കുന്ന 1.50 കോടി രൂപയുടെയും 0.38 കോടി രൂപയുടെയും രണ്ടുബില്ലുകള്‍ 2013 മാര്‍ച്ച് 21ന് തന്നെ നല്‍കി.
മുന്‍കൂര്‍ പണം നല്‍കിയത് സി.വി.സി നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ്. 2015 ജനുവരിയില്‍ ഇതേക്കുറിച്ച് പരിശോധിക്കാന്‍ അധികാരപ്പെടുത്തിയ കമ്മിറ്റി കരാറുകാരന് നോട്ടീസ് അയക്കാനും കരിമ്പട്ടികയില്‍പ്പെടുത്താനും ശിപാര്‍ശ നല്‍കിയെങ്കിലും സേനയ്ക്കുള്ളില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരേ നടപടി ശിപാര്‍ശചെയ്തില്ല. 2019 മാര്‍ച്ചിലാണു നടപടിക്രമങ്ങളില്‍ വീഴ്ച അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുന്ന വോയ്‌സ് ലോഗര്‍ സംവിധാനം 2015 ഏപ്രിലില്‍ കെല്‍ട്രോണില്‍നിന്ന് വാങ്ങിയതിലും ക്രമേക്കേട് നടന്നു. ഒന്നിന് 1.72 ലക്ഷം രൂപയ്ക്ക് ലഭിക്കുമായിരുന്ന ഉപകരണം 3 ലക്ഷം രൂപ നല്‍കിയാണ് 30 എണ്ണം വാങ്ങിയത്.
തുറന്ന ടെന്‍ഡറില്ലാതെയാണ് ഈ വാങ്ങല്‍. കെല്‍ട്രോണും പോലീസ് വകുപ്പിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ ഒത്തുകളിക്കു പിന്നില്‍. 2015 മാര്‍ച്ചില്‍ പോലീസ് വാഹനങ്ങളിലെ ജി.പി.എസ്. സംവിധാനം വാങ്ങിയതിലും ഇതേ വീഴ്ചകള്‍ സംഭവിച്ചു. 53 ഉപകരണങ്ങളാണു വാങ്ങിയത്. 2015 ഫെബ്രുവരി 28ന് ഇതിനായി നല്‍കിയ പരസ്യത്തില്‍ പാനസോണിക്കിന്റെ ഉപകരണം എന്ന് എടുത്തുപറഞ്ഞിരുന്നു. ഇതു സി.വി.സി. മാനദണ്ഡത്തിന്റെ ലംഘനമാണ്.
മറ്റ് വിതരണക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഗുരുതര സാഹചര്യങ്ങളും ബന്ദിയാക്കല്‍ അവസരങ്ങളും നേരിടുന്നതിനായി 201213 വര്‍ഷത്തിലെ മൊെബെല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വാഹന ഇടപാടിലും ക്രമക്കേട് നടന്നു. സേന ആവശ്യപ്പെട്ട രീതിയില്‍ രൂപമാറ്റം വരുത്തിയ ടൊയോട്ടോ ഫോര്‍ച്യൂണര്‍ വാങ്ങാന്‍ 30 ലക്ഷം രൂപയാണ് അനുവദിച്ചത്. രൂപമാറ്റങ്ങള്‍ വരുത്താമെന്ന് ആദ്യം ഏറ്റ വിതരണക്കാരന്‍ പിന്നീട് കഴിയില്ലെന്ന് അറിയിച്ചു. മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട പത്തില്‍ അഞ്ചുപോലും ഘടിപ്പിച്ചില്ല. ഉദ്ദേശിച്ച രീതിയില്‍ ഉപയോഗയോഗ്യമല്ലാതായ ഫോര്‍ച്യൂണര്‍ 2013 സെപ്റ്റംബറില്‍ പോലീസ് മേധാവിയുടെ ഉപയോഗത്തിനായി വിട്ടുകൊടുക്കുകയായിരുന്നു.

Post a Comment

0 Comments