പ്രാര്‍ത്ഥനകള്‍ വിഫലമായി; കണ്ണീര്‍ പുഴയായി ദേവനന്ദ


കൊല്ലം: കേരളത്തിന്റെ ഉള്ള് നൊന്തുള്ള പ്രാര്‍ത്ഥനകള്‍ വെറുതെയായി. ചിരിച്ചുകൊണ്ടവള്‍ അമ്മയോട് ചേര്‍ന്നിരിക്കുമെന്ന പ്രതീക്ഷയും കെട്ടടങ്ങി. ദേവനന്ദ അവള്‍ കണ്ണീര്‍പുഴയായി. എന്നിട്ടും ഇതു വിശ്വസിക്കാനാവുന്നില്ല കേരളത്തിന്. കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 7.30 ഓടെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. കമഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
വീടിനോട് ചേര്‍ന്നുള്ള പുഴയില്‍ 60 മീറ്റര്‍ അകലെയായി പോലീസിലെ മുങ്ങല്‍ വിദഗ്ദരാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതുമുതല്‍ ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു പോലീസും ജനങ്ങളും സമൂഹമാധ്യമങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് സന്ദേശം ഷെയര്‍ ചെയ്തത്. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞാലെ എന്താണ് കുട്ടിയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളു.
ഇന്നലെ രാവിലെ പത്തരയോടെയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതായത്. അന്വേഷണത്തിനായി ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വിപുലമായ അന്വേഷണമായിരുന്നു പോലീസും നടത്തിയത്. സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ, ബസ് സ്റ്റാന്റുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനയില്ല. സൈബര്‍ വിദഗ്ധരടക്കം വിപുലമായ സംഘവുമായി പോലീസ് വിപുലമായ അന്വേഷണത്തിനിടെ നാടാകെ പ്രാര്‍ഥനയോടെയുള്ള കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷനും മൊഴിയെടുത്തിരുന്നു. കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളാണ് ഏഴു വയസ്സുകാരി ദേവനന്ദ. കുടവട്ടൂര്‍ വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. ഇളയകുട്ടിക്ക് വീട്ടിനുള്ളില്‍ കാവലിരുത്തി മാതാവ് ധന്യ വീടിന്റെ പിന്നില്‍ തുണി കഴുകി. ഇതിനിടയില്‍ ദേവനന്ദ മാതാവ് ധന്യയുടെ അടുത്തെത്തി. വീണ്ടും ഇളയകുട്ടിയുടെ അടുത്തുപോയി ഇരിക്കാന്‍ മാതാവ് നിര്‍ദ്ദേശിച്ചു. പത്തുമിനിറ്റിനുശേഷം ധന്യ വീട്ടിനുള്ളിലെത്തുമ്പോള്‍ ദേവനന്ദ വീട്ടിനുളളില്‍ ഉണ്ടായിരുന്നില്ല. വീടിന്റെ വാതില്‍ പാതി തുറന്നുകിടന്നിരുന്നു.
അയല്‍ക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റില്‍ അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി.
വീട്ടില്‍ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ നായ ആറിനു കുറുകെ നിരത്തിയിട്ട മണല്‍ചാക്കുകള്‍ കടന്നു മറുകരയില്‍ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയില്‍ കയറി. തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തിനിന്നു. പോലീസും നാട്ടുകാരും നെടുമണ്‍കാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളിലും തെരച്ചില്‍ നടത്തിയിരുന്നു.

Post a Comment

0 Comments