രാമക്ഷേത്ര നിര്‍മ്മാണത്തിന് മുഴുവന്‍ ഭൂമിയും നല്‍കും


ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള, സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള, ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ അറിയിച്ചു. 'ശ്രീമരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര' എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്.
രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റിന് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം ലോക്‌സഭയില്‍ നടത്തിയിരിക്കുന്നത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഈ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനം ലോക്‌സഭയുടെ അജണ്ടയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെടില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയിലെ മുഴുവന്‍ ഭൂമിയും ഈ ട്രസ്റ്റിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു എന്നതാണ് സുപ്രധാനമായ മറ്റൊരു തീരുമാനം.
സുപ്രീം കോടതി നിര്‍ദേശപ്രകാരം 2.77 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഈ ഭൂമിക്ക് ചുറ്റുമുള്ള, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 67 ഏക്കര്‍ സ്ഥലം കൂടി ട്രസ്റ്റിന് നല്‍കും എന്ന തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതോടെ ഏതാണ്ട് 70 ഏക്കര്‍ വരുന്ന ഭൂമി മുഴുവനും രാമക്ഷേത്ര നിര്‍മാണത്തിനായി മാറ്റിവയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം മസ്ജിദ് നിര്‍മിക്കാനായി അഞ്ചേക്കര്‍ ഭൂമി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മോദി ലോക്‌സഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭൂമി എവിടെയാണ് കണ്ടെത്തിയതെന്നും ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റില്‍ ആരൊക്കെ ഉണ്ടാകുമെന്നുമുള്ള കാര്യത്തിലുള്ള വിശദാംശങ്ങള്‍ പ്രധാനമന്ത്രി നല്‍കിയിട്ടില്ല.

Post a Comment

0 Comments