പുനസംഘടന: ജില്ലയില്‍ 'എ' ഗ്രൂപ്പിന്റെ രഹസ്യയോഗങ്ങള്‍ സജീവം


നീലേശ്വരം: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയുടെ ഭാഗമായി ജില്ലയിലെങ്ങും എ ഗ്രൂപ്പിന്റെ രഹസ്യയോഗങ്ങള്‍ സജീവമായി. ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാനേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് എ ഗ്രൂപ്പ് രഹസ്യയോഗങ്ങള്‍ നടത്തുന്നത്. ജില്ലാ പ്രസിഡണ്ട് സ്ഥാനം ഐ ഗ്രൂപ്പിനാണ് നീക്കിവെച്ചിട്ടുള്ളത്. കൂടുതല്‍ ജില്ലാ ഭാരവാഹിത്വവും സംസ്ഥാനസെക്രട്ടറി സ്ഥാനവും പിടിച്ചെടുക്കാനാണ് ഇപ്പോള്‍ എ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തുന്നത്. കഴിഞ്ഞദിവസം നീലേശ്വരം മെയിന്‍ബസാറില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എം.സൂരജിന്റെ വാടകമുറിയില്‍ നടന്ന യോഗത്തില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ പങ്കെടുത്തു. ശിവന്‍ അറുവാത്ത്, ടി.വി.ആര്‍. സൂരജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. നീലേശ്വരത്തുനിന്നും എ ഗ്രൂപ്പിന്റെ പ്രതിനിധികളെ ജില്ലാഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്തുന്നതിനെകുറിച്ച് ആലോചിക്കാനായിരുന്നു യോഗം ചേര്‍ന്നത്. ജില്ലാ പ്രസിഡണ്ട് സ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ മറ്റ് ഭാരവാഹിത്വങ്ങളില്‍ മേധാവിത്വം നേടുകയാണ് എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഐ വിഭാഗം നേതാക്കളെ അടര്‍ത്തിയെടുക്കാനും നീക്കമുണ്ട്. ജില്ലാ പ്രസിഡണ്ടായി കെ.എസ്.യു മുന്‍ജില്ലാ പ്രസിഡണ്ട് പ്രദീപ്കുമാറിനെ കൊണ്ടുവരണമെന്നാണ് ഭൂരിപക്ഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെങ്കിലും മനാഫ് നുള്ളിപ്പാടി പ്രസിഡണ്ടാകാനാണ് ഏറെ സാധ്യത. സംസ്ഥാന നേതാക്കളുമായി അടുത്തബന്ധമാണ് മനാഫ് നുള്ളിപ്പാടിക്കുള്ളത്. എന്നാല്‍ കെ.എസ്.യുവിനെ ജില്ലയില്‍ ശക്തിപ്പെടുത്താന്‍ നേതൃത്വപരമായ പങ്കുവഹിച്ച പ്രദീപ്കുമാറിനെ തഴഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്.

Post a Comment

0 Comments