കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മനാഫ് നുള്ളിപ്പാടി നല്കിയ പത്രിക തള്ളി.
വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനാഫിന്റെ പത്രിക തള്ളിയത്. ഇതോടെ ബി.പി പ്രദീപ്കുമാര്‍ പ്രസിഡണ്ടാവുമെന്നുറപ്പായി. പത്തുവര്‍ഷത്തിന് ശേഷം നാളെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഐ വിഭാഗത്തിന് നീക്കിവെച്ചതാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.പി പ്രദീപ്കുമാറിനെ ഐ വിഭാഗം ഐക്യകണ്ഠേന നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഐ വിഭാഗത്തില്‍പ്പെട്ട മനാഫ് നുള്ളിപ്പാടി ഒരുവിഭാഗത്തിന്റെ പിന്തുണയോടെ നോമിനേഷന് സമര്‍പ്പിക്കുകയായിരുന്നു. ഇരുവരും കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡണ്ടുമാരും ദേശീയ കോര്‍ഡിനേറ്റര്‍മാരുമാണ്. മനാഫ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ച് പ്രദീപ് പക്ഷം ദേശീയനേതൃത്വത്തിന് പരാതി നല്കി.
1983 ജനുവരി 30 ന് ജനിച്ചുവെന്ന് കാണിച്ച് പാസ്പോര്‍ട്ടും സ്കൂള്‍ സര്‍ട്ടിഫിക്കറ്റുമാണ് മനാഫ് പത്രികയോടൊപ്പം നല്‍കിയത്. എന്നാല്‍ നഗരസഭയിലെ ജനന രജിസ്റ്ററില്‍ 1981 സെപ്തംബര്‍ 30 ന് ജനിച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പകര്‍പ്പാണ് പ്രദീപ് പക്ഷം ദേശീയനേതൃത്വത്തിന് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്നാണ് മനാഫിന്റെ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിക്കളഞ്ഞത്. അതേസമയം ദേശീയ നേതൃത്വവുമായി അടുത്തബന്ധമുള്ള മനാഫ് പത്രിക തള്ളിയ നടപടി പിന്‍വലിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ റിജക്ട് ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പുനപരിശോധനയ്ക്ക് സാധ്യതയില്ലെന്ന് പ്രദീപ്കുമാര്‍ പക്ഷം പറയുന്നു. അതുകൊണ്ടുതന്നെ പ്രദീപ്കുമാര്‍ തന്നെ പ്രസിഡണ്ടാവുമെന്നാണ് സൂചന.
പതിനാറ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് 29 പേരും 27 സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലയില്‍ നിന്ന് നോയല്ടോം ജോസും ജോമോന് ജോസും മത്സരിക്കുന്നുണ്ട്. ഇരുവരും ഐ വിഭാഗക്കാരാണ്.
നോയലിന് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെയും ജോമോന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെയും പിന്തുണയുണ്ട്. ആലക്കോട് സ്വദേശിയായ ജോമോന് ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണവുമായി നോയല്‍ വിഭാഗക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
0 Comments