തസ്ലീംവധം ആസൂത്രണം ചെയ്ത നാലുപേരെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി


കാസര്‍കോട്: ചെമ്പിരിക്ക സ്വദേശി തസ്ലീമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ നാലുപേരെ ഗള്‍ഫില്‍നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ കര്‍ണാടക പോലീസ് ശ്രമം തുടങ്ങി. ഉപ്പള സ്വദേശിയെയും പൈവളിഗെ സ്വദേശിയെയും ഇയാളുടെ സഹോദരനെയും ഇവരുടെ ബിസിനസ് പാര്‍ട്ണറായ ചെമ്പിരിക്ക സ്വദേശിയെയുമാണ് നാട്ടിലെത്തിക്കാന്‍ കേസന്വേഷിക്കുന്ന ഗുല്‍ബര്‍ഗ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
ഗള്‍ഫില്‍ കഴിയുന്ന പ്രതികളുടെ താമസസ്ഥലവും മറ്റും ഇന്റര്‍പോളിന് ഇതിനകം കൈമാറിയതായാണ് വിവരം. ഇവരെ നാട്ടിലെത്തിച്ചാല്‍മാത്രമേ കേസന്വേഷണത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ച് സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ പോലീസിന് കൃത്യമായ വിവരമാണ് ലഭിച്ചത്. കേസില്‍ 25ഓളം പേരുണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ഇവരുടെ അറസ്റ്റ് വൈകുന്നതിനുകാരണം ആസൂത്രകരെ കസ്റ്റഡിയില്‍ കിട്ടാത്തതുകൊണ്ടാണെന്നാണ് പോലീസ് പറയുന്നത്. നാല് സംഘങ്ങളായി പോലീസ് നടത്തിയ തിരച്ചിലിലാണ് മറ്റു പ്രതികളെല്ലാം കസ്റ്റഡിയിലായിരിക്കുന്നത്. ഇവരെ ആന്ധ്ര അതിര്‍ത്തിയിലെ രഹസ്യതാവളത്തില്‍ ചോദ്യം ചെയ്തുവരുന്നതായാണ് വിവരം. പ്രമാദമായ പല കേസുകളിലെയും പ്രതികളെ ഈ രഹസ്യ താവളത്തിലെത്തിച്ചാണ് കര്‍ണാടക പോലീസ് ചോദ്യം ചെയ്തുവരാറുള്ളത്. അതുകൊണ്ടുതന്നെ അന്വേഷണത്തിന്റെ ഒരു രഹസ്യങ്ങളും പുറത്തുപോകാറില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് വിവരങ്ങള്‍ കൈമാറുന്നത്.
തസ്ലീമിനെ കൊലപ്പെടുത്താന്‍ പ്രധാന കാരണം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരില്‍ നിന്നും തസ്ലീമിന് നല്ലൊരു തുക എല്ലാ മാസവും ലഭിക്കാറുണ്ട്. തസ്ലീം ജയിലിലായതോടെ ഉപ്പള സ്വദേശിയെയാണ് പണം വാങ്ങാനായി ചുമതലപ്പെടുത്തിയിരുന്നത്. ഇയാള്‍ പിന്നീട് സ്വര്‍ണക്കടത്തുകാരോട് തനിക്ക് മാത്രം പണം നല്‍കിയാല്‍ മതിയെന്നും തസ്ലീമിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെത്രെ. തസ്ലീം ഈ വിവരം അറിയുകയും ചില രഹസ്യങ്ങള്‍ ചോര്‍ത്തി സ്വര്‍ണം പിടികൂടിയ സംഭവവും ഉണ്ടായിരുന്നതായാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. റോ, എന്‍.ഐ.എ എന്നീ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം തസ്ലീമിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണക്കടത്തുകാരുടെ മുഴുവന്‍ വിവരങ്ങളും തസ്ലീമിന് ചോര്‍ത്തി നല്‍കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ജയിലില്‍ വെച്ച് സഹതടവുകാരോട് തസ്ലീം ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായും ഇത് അപ്പോള്‍ തന്നെ എത്തേണ്ടിടത്ത് എത്തിച്ചതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തസ്ലീമിനെ തട്ടിക്കൊണ്ടുപോയി വധിച്ചത്. ധാര്‍വാഡ്, ഗുല്‍ബര്‍ഗ ജയിലുകളില്‍ വെച്ചാണ് തസ്ലീമിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം നടന്നത്. നേരത്തെ ജ്വല്ലറി കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് മംഗലാപുരം ജയിലിലായിരുന്ന തസ്ലീമിനെ വധഭീഷണി ഉയര്‍ന്നതോടെ ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം.

Post a Comment

0 Comments