നടി കിഷോരി ബല്ലാല്‍ അന്തരിച്ചു


ബാംഗ്ലൂര്‍: മുതിര്‍ന്ന കന്നഡ നടിയും പ്രമുഖ ഭരതനാട്യം നര്‍ത്തകന്‍ എന്‍. ശ്രീപദി ബല്ലാലിന്റെ ഭാര്യയുമായ കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960കളിലാണ് സിനിമയില്‍ സജീവമായത്. സഹനടിയായി 70ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അതിഭാവുകത്വങ്ങളില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലികൊണ്ട് ശ്രദ്ധേയയായിരുന്നു. അമ്മവേഷങ്ങളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്.
1960ല്‍ പുറത്തിറങ്ങിയ 'ഇവളെന്ത ഹെന്ദ്തി' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭരതനാട്യം നര്‍ത്തകികൂടിയായ കിഷോരിയെത്തേടി പിന്നീട് അവസരങ്ങള്‍ ഒട്ടേറെയെത്തി. ആദ്യകാലങ്ങളില്‍ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി എന്നിങ്ങനെയായിരുന്നു സ്ഥിരംവേഷം. 2000ത്തിനുശേഷം അമ്മവേഷങ്ങളില്‍ സജീവമായി. 2004ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായ ഹിന്ദി ചിത്രം 'സ്വദേശി'ല്‍ പ്രധാനവേഷം ലഭിച്ചു.
2016ല്‍ പുറത്തിറങ്ങിയ 'കാഹി'യാണ് അവസാനചിത്രം. ആശ്ര, നാനി, റിങ് റോഡ്, കാരി ഓണ്‍ മറാത്ത, ബോംബൈ മിഠായി, ആക്രമണ, ഗലാട്ടെ, അയ്യാ, ബംഗാര്‍ദ കുരല്, കെംപഗൗഡ, അക്ക തങ്കി, നമ്മണ്ണ, സ്പര്‍ശ, ഗയിര്‍ കനൂനി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Post a Comment

0 Comments