റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; പിതാവിനും മകനും പരിക്ക്


നീലേശ്വരം: ദേശീയപാതയില്‍ നിടുംങ്കണ്ടയ്ക്കടുത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരണപ്പെട്ടു.
ബൈക്കിലുണ്ടായിരുന്ന യുവാവിനും മകനും പരിക്കേറ്റു. പടന്നക്കാട് ആയുര്‍വ്വേദ കോളേജിന് സമീപത്തെ പരേതനായ പത്മനാഭന്‍-രമണി ദമ്പതികളുടെ മകന്‍ ടി.ബിജുകുമാറാണ് (30) മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. നെഹ്‌റുകോളേജിലെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ് ബിജു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ തൈക്കടപ്പുറം പുഴക്കരവീട്ടില്‍ നാസര്‍(34) മകന്‍ നജ്‌നാഫ്(8) എന്നിവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബിജുവിന്റെ ഓട്ടോയും എതിരെവരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ റോഡരികിലേക്ക് മറിഞ്ഞുവീണു. അപകടത്തിന്റെ ശബ്ദംകേട്ട് ഓടിയെത്തിയവര്‍ ആദ്യം പരിക്കേറ്റുകിടക്കുന്ന നാസറിനെയും നജ്‌നാഫിനെയും മാത്രമാണ് കണ്ടത്. ഇവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ മറിഞ്ഞുകിടന്ന ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട ബിജുവിനെ ആരും ശ്രദ്ധിച്ചില്ല. പിന്നീട് ഓട്ടോറിക്ഷ പൊക്കിമാറ്റിയപ്പോഴാണ് അടിയിലുണ്ടായിരുന്ന ബിജുവിനെ കണ്ടത്. ബിജുവിനെയും ഉടന്‍ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മംഗലാപുരം ആശുപത്രിയില്‍ എത്തുംമുമ്പെ ബിജു മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചതിരിഞ്ഞ് കരുവളത്ത് സംസ്‌ക്കരിക്കും. അവിവാഹിതനാണ് ബിജു.

Post a Comment

0 Comments