കെജ്‌രിവാളിന്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക്, ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി ഭരണത്തിലേക്ക്


ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെച്ച് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഭരണതുടര്‍ച്ചയിലേക്ക്. 70 സീറ്റുകളില്‍ 57 സീറ്റുകളിലും അവര്‍ മുന്നേറ്റം തുടരുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് 13 സീറ്റുകളിലും. ഒരിടത്ത് പോലും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാനായില്ല.
രണ്ടാം സ്ഥാനത്തായി പോയെങ്കിലും ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ ഒതുങ്ങിയ ബിജെപി ഇത്തവണ 13 സീറ്റുകളില്‍ മുന്നേറ്റത്തിലാണ്. അതേസമയം ഒന്നര ദശകം ഡല്‍ഹിയില്‍ ഭരണം നടത്തിയ കോണ്‍ഗ്രസ് വീണ്ടും വട്ടപ്പൂജ്യമായി. ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഉറപ്പായതോടെ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം തുടങ്ങി.
ഡല്‍ഹി മുഖ്യമന്ത്രിയായി ഹാട്രിക് വിജയമാണ് അരവിന്ദ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയ ഇഞ്ചോടിഞ്ച് പോരാടുകയാണ്. പട്പട്ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീന്ദര്‍ നെഗിയോട് നേരിയ വോട്ടുകള്‍ക്ക് പിന്നിലാണ്. കേന്ദ്രത്തില്‍ ആംആദ്മി പാര്‍ട്ടി നേടിയ ഭരണ തുടര്‍ച്ച ബിജെപിയ്ക്ക് ഫലം നിരാശയാണ്. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയാണ് ബിജെപിയ്ക്ക് ഡല്‍ഹിയിലും തിരിച്ചടി നേരിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും നേരിട്ട് പ്രചരണം നടത്തിയിട്ടും ബിജെപിയ്ക്ക് വിജയം നേടാനായില്ല. എന്നാല്‍ വോട്ടുഷെയറില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് ആയി. ഒന്നാമതുള്ള ആംആദ്മിയുമായി 14 ശതമാനം വോട്ടിന്റെ വ്യത്യാസമാണുള്ളത്. ആംആദ്മി പാര്‍ട്ടി 53 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി 39 ശതമാനത്തോളം വോട്ടുകള്‍ പിടിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ അഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ സമരം നടന്നു വരുന്ന ശക്തമായ ന്യൂനപക്ഷ സ്വാധീന മേഖലയായ ഷഹീന്‍ബാഗും ജാമിയയും ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ബിജെപിയ്ക്ക് തുടക്കത്തില്‍ മുന്നില്‍ എത്താനായിരുന്നെങ്കിലും ആപ്പിന്റെ അമാനതുള്ള ഖാന്‍ ബിജെപിയുടെ ഭ്രം സിംഗിനെ പിന്നിലാക്കി.
ആംആദ്മി പാര്‍ട്ടി വിട്ട് മറ്റ് പാര്‍ട്ടിയ്‌ക്കൊപ്പം മത്സരിച്ചവര്‍ എല്ലാവരും പിന്നിലാണ്. മറ്റ് പാര്‍ട്ടി വിട്ട് ആംആദ്മി പാര്‍ട്ടിയിലേക്ക് വന്നവര്‍ മുന്നേറുകയുമാണ്. ആംആദ്മി പാര്‍ട്ടി എംഎല്‍എയായി നേരത്തേ തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ആംആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്ത അല്‍ക്കാ ലാംബ ചാന്ദ്‌നി ചൗക്കില്‍ മൂന്നാം സ്ഥാനത്തായി പോയി.. ആപ്പിന്റെ പര്‍ലാഡ് സിംഗ് സാഹ്നിയാണ് ഇവിടെ മുന്നില്‍. ബിജെപിയുടെ സുമന്‍കുമാര്‍ ഗുപ്തയ്ക്കു പിന്നില്‍ എത്താനേ അല്‍ക്കാ ലാംബയ്ക്ക് കഴിഞ്ഞുള്ളൂ. ആംആദ്മി വിമതനായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയ കപില്‍ മിശ്ര യും പിന്നിലാണ്. ഡൗണ്‍ ടൗണില്‍ അഖിലേഷ് പാട്ടി ത്രിപാഠിയോട് വന്‍ ഏറെ പിന്നിലാണ്.
കോണ്‍ഗ്രസിനായിരുന്നു വലിയ തിരിച്ചടി നേരിട്ടത്. ഇത്തവണയും അവരുടെ ഒരു സ്ഥാനാര്‍ത്ഥികളെയും ഡല്‍ഹി ജനത സ്വീകരിച്ചില്ല. വോട്ടു ഷെയര്‍ പോലും അഞ്ചു ശതമാനത്തില്‍ താഴെയായി. പ്രമുഖര്‍ പോലും പരാജയവുമറിഞ്ഞു. 1,99,521 പുരുഷന്മാരും 1,35,525 സ്ത്രീകളും 31 ഭിന്നലിംഗക്കാരുമായി 3,35,077 പേരാണ് ഫെബ്രുവരി 8 ന് നടന്ന വോട്ടെടുപ്പില്‍ സമ്മതിദാനം വിനിയോഗിച്ചത്. രാജ്യത്തെ 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ തന്നെ നല്‍കിയിരുന്നു. പോസ്റ്റല്‍ വോട്ട് കൂടാനിടയായി.

Post a Comment

0 Comments