സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കുട്ടിനേതാക്കളുടെ ലണ്ടന്‍ യാത്രക്ക് ചിലവ് ഒന്നേകാല്‍കോടി


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കേരളസര്‍ക്കാരിനെ വരിഞ്ഞ്മുറുക്കുമ്പോഴും കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ വിദേശപരിശീലനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. തിരഞ്ഞെടുക്കപ്പെട്ട 59 സര്‍ക്കാര്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരാണ്. യു.കെയിലെ കാന്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ രണ്ട് സംഘങ്ങളായി പരീശിലനത്തിന് പോകുന്നത് ഒന്നേകാല്‍ കോടിയാണ് ചെലവ്.
ധൂര്‍ത്തെന്ന് പറഞ്ഞ് പ്രതിപക്ഷം യാത്രയെ എതിര്‍ത്തെങ്കിലും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പട്ടിക തയ്യാറാക്കിയത്. കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഫ്‌ളെയര്‍ പരിശീലനത്തിന്റെ ഭാഗമായാണ് യാത്ര.
ആകെയുള്ള 66സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് 54 കോളേജുകളിലെ ചെയര്‍മാന്‍മാരെ തിരഞ്ഞെടുത്തു. ഒപ്പം കണ്ണൂര്‍, എം.ജി, കുസാറ്റിലെ ലീഗല്‍ സ്റ്റഡീസ്, നിയമസര്‍വകലാശാല, മലയാള സര്‍വകലാശാല ചെയര്‍മാന്‍മാരുമുണ്ട്. 30 പേരടങ്ങുന്ന ആദ്യ സംഘം മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലെത്തി ആറിന് തിരികെയെത്തും. 29 പേരടങ്ങുന്ന രണ്ടാമത്തെ സംഘം മാര്‍ച്ച് 23ന് തിരിച്ച് 27ന് മടങ്ങിയെത്തും. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഉഷാ ടൈറ്റസാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
കോളേജ് വിദ്യാഭ്യാസ ഡയറക്ടറും തിരഞ്ഞെടുത്ത കോളേജിലെ അദ്ധ്യാപകരും ഉള്‍പ്പെടെ 65 പേരുമുണ്ട്. ചെയര്‍മാന്‍മാരില്‍ ഭൂരിഭാഗവും എസ്.എഫ്.ഐക്കാരാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാന്‍ പട്ടികയിലില്ല.
അടുത്തിടെ കോളേജിലുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനെ ഒഴിവാക്കിയതാണെന്നാണ് വിവരം.

Post a Comment

0 Comments