മെക്കാഡം ടാറിങ്ങിനിടയില്‍ പൈപ്പുകള്‍പൊട്ടി; ചോയ്യംങ്കോട്ടുകാരുടെ കുടിവെള്ളം മുട്ടി


ചോയ്യംങ്കോട്: കോണ്‍വെന്റ് ജംഗ്ഷന്‍- ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് പ്രവര്‍ത്തി ആരംഭിച്ചതോടെ നാട്ടുകാര്‍ക്ക് കുടിവെള്ളം മുട്ടി. കിഫ്ബി പദ്ധതി മുഖേന റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിനാല്‍ 14 മീറ്റര്‍ വീതിയിലാണ് റോഡ് അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ചോയ്യംങ്കോട് മുതല്‍ എട്ടാംമൈല്‍വരെ ഇപ്പോള്‍ റോഡ് കിളച്ച് വീതി കൂട്ടിയത്. ഇതോടെ റോഡിന്റെ ഒരു ഭാഗത്തെ കുടിവെള്ള പൈപ്പ് പൊട്ടി നാലുമാസമായി ഈ ഭാഗങ്ങളില്‍ 152 കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടി. ഇനി വരാന്‍ പോകുന്ന വേനലിലും കുടിവെള്ളത്തിനായി ഇതിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് നെട്ടോട്ടം ഓടേണ്ടിവരും. ചോയ്യംങ്കോട് കക്കോലിലുള്ള എസ്.സി, എസ്.ടി കുടുംബങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
കൂവാറ്റി ചാലിലെ ജലനിധി പദ്ധതിയില്‍ നിര്‍മ്മിച്ച 8കിണറുകളില്‍ നിന്നുള്ള പൈപ്പുകള്‍ മിക്കതും ചോയ്യംങ്കോട് ഇടത്തോട് റോഡിന്റെ ഒരു ഭാഗത്ത് കൂടിയാണ് പോകുന്നത്.
മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍ ഇലക്ട്രിസിറ്റി, ജലനിധി അധികൃതര്‍ എന്നിവര്‍ക്ക് രേഖാമൂലം കത്തയച്ചിരുന്നുവെന്നും ഈ വകുപ്പുകള്‍ കാലതാമസം വരുത്തിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. എന്തുതന്നെയായാലും പൊട്ടിയപൈപ്പുകള്‍ പുനസ്ഥാപിച്ച് എത്രയും വേഗം കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments