പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഹെല്‍ത്ത് ഓഫീസറെ അറിയിക്കേണ്ടെന്ന് കോടതി


കാസര്‍കോട്: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് ഓഫീസറെ അറിയിക്കണമെന്നുള്ള നിബന്ധന ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 1954 ലെ എയര്‍ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) ചട്ടങ്ങളുടെ നാല്‍പത്തി മൂന്നാം വകുപ്പ് പ്രകാരം മൃതദേഹമോ, ചിതാഭസ്മമോ വിദേശ രാജ്യത്തു നിന്ന് നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയില്‍ വന്നിറങ്ങുന്ന എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് ഓഫീസറെ അറിയിച്ചിരിക്കണം എന്ന എയര്‍ ഇന്ത്യയുടെ ഉത്തരവിനെതിരെ പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതിയുടെ വിധി പ്രസ്താവിച്ചത്.
എയര്‍ ഇന്ത്യയുടെ ഈ ഉത്തരവ് പ്രവാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നെങ്കിലും നിലവിലെ നിബന്ധനയില്‍ മാറ്റം വരുത്തുവാന്‍ എയര്‍ ഇന്ത്യയോ, കേന്ദ്ര സര്‍ക്കാരോ തയാറായിരുന്നില്ല.

Post a Comment

0 Comments