വിദ്യാര്‍ത്ഥിനിയെ ശല്ല്യപ്പെടുത്തിയ യുവാവിനെതിരെ പോക്‌സോ


നീലേശ്വരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തിയ യുവാവിനെ പോക്‌സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു.
നീലേശ്വരം പേരോല്‍ പത്തിലക്കണ്ടത്തെ ബാബുവിന്റെ മകന്‍ മിഥുനെയാണ്(25) നീലേശ്വരം പോലീസ് അറസ്റ്റുചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍ പോകുമ്പോഴും നഗരത്തിലെ ട്യൂഷന്‍ സെന്ററില്‍ പോകുമ്പോഴും നിരന്തരം പിന്നാലെ നടന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്ല്യപ്പെടുത്തുന്നുവെന്ന പരാതിയിലാണ് മിഥുനെതിരെ കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തത്. മിഥുന്‍ തന്നെ ശല്ല്യപ്പെടുത്തുന്നകാര്യം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാര്‍ സംഭവം ചൈല്‍ഡ്‌ലൈന്‍ അധികൃതരെ അറിയിക്കുകയും ഇവര്‍ പ്രാഥമിക അന്വേഷണം നടത്തി നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ മിഥുനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Post a Comment

0 Comments